എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന പരസ്യ വാചകം ഭയപ്പെടുത്തുന്നു; മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തുമായി എം.എം ലോറന്‍സിന്റെ മകള്‍
തിരുവനന്തപുരം: താനും മകനും മറ്റ് വഴിയില്ലാതെ ജീവനൊടുക്കിയാല്‍ ഉത്തരവാദിത്തം സി.പി.എമ്മിനാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. മകന്‍ ബി.ജെ.പി വേദിപങ്കിട്ടതിന്റെ പേരില്‍ സിഡ്കോയിലെ കരാര്‍ ജോലിയില്‍ നിന്നും തന്നെ പിരിച്ചുവിട്ടെന്നും മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തില്‍ ആശ ലോറന്‍സ് വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടപ്പോള്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെ കണ്ടതായും കത്തില്‍ പറയുന്നു. പുച്ഛവും പരിഹാസവുമായിരുന്നു പ്രതികരണമെന്നും പിരിച്ചു വിട്ടതു പാര്‍ട്ടി തീരുമാനമാണെന്നും പറഞ്ഞു. ജീവിക്കാന്‍ അനുവദിക്കില്ല എന്നതാണോ പാര്‍ട്ടി നയമെന്നും ആശ കുറ്റപ്പെടുത്തി.
മകന്‍ ശബരിമലയില്‍ സമരത്തില്‍ പങ്കെടുത്തതിനു ശിക്ഷ കിട്ടിയതു തനിക്കാണ്. 18 വയസായ അവന്‍ സ്വന്തം വിശ്വാസമാണ് അവിടെ പ്രഖ്യാപിച്ചത്. അല്ലാതെ രാഷ്ട്രീയ മല്ല. അവര്‍ കഞ്ചാവു വില്‍പ്പനക്കാരുടേയോ സ്ത്രീ പീഡകരുടേയോ കൂടെയല്ല. ആയിരുന്നെങ്കില്‍ അവനുവേണ്ടി ജീവിച്ച ഈ അമ്മ എന്നന്നേയ്ക്കുമായി വാതില്‍ കൊട്ടിയടച്ചേനെ. കാസര്‍കോടുമുതല്‍ പാറശാല വരെ മതിലുകെട്ടിയാല്‍ സ്ത്രീശാക്തീകരണമാകില്ല. വനിതകള്‍ക്കു സുരക്ഷിത ജീവിതവും അടിസ്ഥാന സൗകര്യവും വേണം. ഒറ്റയ്ക്കു ജീവിക്കുന്ന തന്നെ പോലുള്ളവര്‍ അതാണ് ആഗ്രഹിക്കുന്നത്. താങ്ങായി ചാരിനിന്ന മതിലായിരുന്നു തന്റെ ജോലി. അതു പാര്‍ട്ടി തീരുമാനമെന്ന ജെ.സി.ബി വച്ച് ഇടിച്ചു നിരത്തി.
മുഖ്യമന്ത്രിയെ താനും മകനും മുന്‍പ് രണ്ടു തവണ കണ്ടപ്പോഴും അങ്ങേയറ്റം സ്നേഹവാത്സല്യമായിരുന്നു. സമയമെടുത്ത് പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും സുരക്ഷിതത്വ ബോധം നല്‍കുകയും ചെയ്തു. പക്ഷ എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന പരസ്യ വാചകം ഊണിലും ഉറക്കത്തിലും തങ്ങളെ ഭയപ്പെടുത്തുന്നു. ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയ ഒരു സ്ത്രീയെയും മകനെയും ജീവിക്കാന്‍ അനുവദിക്കില്ലെന്നു പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയെന്ന നിലയിലും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും അതു തിരുത്തണമെന്നും കത്തില്‍ ആശ ലോറന്‍സ് പറയുന്നു.