ഞാനൊരു തീരുമാനമെടുത്തു’; അശോകന്‍ പറഞ്ഞതില്‍ പ്രതികരണവുമായി അസീസ് നെടുമങ്ങാട്
കൊച്ചി: അസീസ് നെടുമങ്ങാട് അടക്കമുള്ള ചില മിമിക്രിക്കാര്‍ തന്നെ അവതരിപ്പിക്കുന്ന രീതി ബുദ്ധിമുട്ട് ഉളവാക്കിയിട്ടുണ്ടെന്ന് നടന്‍ അശോകന്‍ പറഞ്ഞത് നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ശരിക്കുമുള്ളതിന്‍റെ പത്ത് മടങ്ങാണ് പലരും കാണിക്കുന്നതെന്നും തങ്ങളെപ്പോലെയുള്ള അഭിനേതാക്കളെ വച്ചാണ് അവര്‍ പേരും പണവും നേടുന്നതെന്നും അശോകന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ അസീസ് നെടുമങ്ങാടിന്‍റെ പ്രതികരണവും എത്തിയിരിക്കുകയാണ്. പ്രസ്തുത അഭിമുഖം താന്‍ കണ്ടിരുന്നുവെന്നും ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും അസീസ് പറയുന്നു.
ആ ഇന്‍റര്‍വ്യൂ ഞാന്‍ കണ്ടിരുന്നു. അശോകേട്ടന്‍റെ ഒരു സുഹൃത്ത് തന്നെയാണ് എനിക്ക് അയച്ച് തന്നത്. അത് പുള്ളിയുടെ ഇഷ്ടം. എന്നെ ആരെങ്കിലും അനുകരിക്കുമ്ബോള്‍ അല്ലെങ്കില്‍ എന്നെക്കുറിച്ച് പറയുമ്ബോള്‍ എനിക്ക് അത് അരോചകമായിട്ട് തോന്നിയാല്‍ തുറന്നുപറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. പുള്ളിയുടെ ഇഷ്ടമാണ്. പുള്ളിക്ക് ചിലപ്പോള്‍ അങ്ങനെ തോന്നിയിരിക്കാം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു. ഇനി അശോകേട്ടനെ അനുകരിക്കില്ല. നിര്‍ത്തി, അസീസ് പറയുന്നു.
താരങ്ങളെ അനുകരിക്കുന്ന രീതി മിമിക്രി വേദികളില്‍ ഇപ്പോള്‍ ഔട്ട് ആയിക്കൊണ്ടിരിക്കുകയാണെന്നും അസീസ് നിരീക്ഷിച്ചു. ഇപ്പോള്‍ പുതിയ പുതിയ കണ്ടെത്തലുകളാണ് ആ രംഗത്ത്. അവര്‍ക്കും ജീവിക്കണ്ടേ? അവര്‍ക്കല്ല. ഞങ്ങള്‍ക്ക് ജീവിക്കണ്ടേ, ഞങ്ങള്‍ മിമിക്രിക്കാര്‍ക്ക്, അസീസ് പറയുന്നു.
അമരത്തിലെ നോട്ടത്തെ കളിയാക്കിയാണ് തന്നെ പലരും മിമിക്രിയില്‍ അവതരിപ്പിക്കുന്നതെന്നാണ് അശോകന്‍ മുന്‍പ് പറഞ്ഞത്- മിമിക്രിക്കാര്‍ നല്ലതായിട്ട് ചെയ്യുന്നവരുണ്ട്. വളരെ മോശമായിട്ട് ഇറിറ്റേറ്റ് ചെയ്യുന്നവരുമുണ്ട്. ശരിക്കുമുള്ളതിന്‍റെ പത്തുമടങ്ങാണ് പലരും കാണിക്കുന്നത്. ഞാന്‍ അങ്ങനെ നോക്കുന്നുണ്ടോ എന്ന് അറിയില്ല.
മൈന്യൂട്ട് ആയുള്ള പോയിന്റ് വച്ചാണ് അവര്‍ വലിച്ച് നീട്ടുന്നത്. പിന്നെ കളിയാക്കി ചെയ്യുന്ന ധാരാളം ആള്‍ക്കാരുമുണ്ട്. അവരൊക്കെ നമ്മളെ പോലുള്ള ആക്ടേര്‍സിനെ കൊണ്ട് പേര് എടുക്കുന്നു, പൈസ ഉണ്ടാക്കുന്നു, ജീവിക്കുന്നു. അത് അങ്ങനെ ചെയ്‌തോട്ടെ. മനപൂര്‍വ്വം കളിയാക്കാന്‍ ചെയ്യുന്നവരുമുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവര്‍ കുറച്ച് ഒറിജിനലായിട്ട് ചെയ്യും, ഒരു അഭിമുഖത്തിനിടെയായിരുന്നു അശോകന്‍റെ പ്രതികരണം.
അസീസ് നെടുമങ്ങാട് അശോകനെ നന്നായി അവതരിപ്പിക്കാറുണ്ടെന്ന് ഈ സമയത്താണ് ആങ്കര്‍ പറഞ്ഞത്. എന്നാല്‍ അതിനോട് അശോകന്‍ യോജിച്ചില്ല. താന്‍ നേരത്തെ പറഞ്ഞ വിഭാഗത്തില്‍ വരുന്നയാളാണ് അസീസ് എന്നാണ് അശോകന്‍ പറഞ്ഞത്. “അസീസ് നന്നായി മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് പലപ്പോഴും ഞാന്‍ മുമ്ബേ പറഞ്ഞ കേസുകളില്‍ പെടുന്ന ഒരാളാണ്.
നമ്മളെ പോലുള്ള കുറച്ച് നടന്‍മാരെ വച്ചാണ് പുള്ളി പോപ്പുലാരിറ്റി ഉണ്ടാക്കിയത് എന്ന് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ, അത് ചോദ്യം ചെയ്യാന്‍ പറ്റില്ലല്ലോ. ഇഷ്ടത്തോടെ കാണിക്കുന്നവര്‍ നല്ല രീതിയില്‍ മിതത്വത്തോടെ കാണിക്കും’, അശോകന്‍ പറഞ്ഞിരുന്നു.