20 വയസിൽ അമ്മയായി, മകളെ ഒറ്റയ്ക്കാണ് നോക്കിയത്; ഇന്ന് മറ്റാരെങ്കിലും പ്രസവിച്ച് തരും; ലക്ഷ്മി
ചെന്നൈ:തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ലക്ഷ്മി. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ലക്ഷ്മിക്ക് ലഭിച്ചു. ചട്ടക്കാരി, ഭരതം തുടങ്ങിയ മലയാള സിനിമകളിൽ ലക്ഷ്മി ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. പിൽക്കാലത്ത് അമ്മ വേഷങ്ങളിലും ലക്ഷ്മി അഭിനയിച്ചു. 70 കാരിയായ ലക്ഷ്മി ഇന്നും സിനിമാ രംഗത്ത് സജീവമാണ്. സിനിമയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച നടിയായാണ് ലക്ഷ്മിയെ പ്രേക്ഷകർ കാണുന്നത്.
കരിയറിനപ്പുറം ലക്ഷ്മിയുടെ വ്യക്തി ജീവിതവും ജനശ്രദ്ധ നേടിയിട്ടുണ്ട്. ഭാസ്കരൻ എന്നാണ് ലക്ഷ്മിയുടെ ആദ്യ ഭർത്താവിന്റെ പേര്. ഈ വിവാഹബന്ധത്തിലെ മകളാണ് ഐശ്വര്യ ഭാസ്കരൻ. ഇദ്ദേഹവുമായി വേർപിരിഞ്ഞ ശേഷം നടൻ മോഹൻശർമ്മയെ വിവാഹം ചെയ്തു. ഈ ബന്ധവും ഡിവോഴ്സിൽ അവസാനിച്ചു. നടനും സംവിധായകനുമായ എം ശിവചന്ദ്രനെയാണ് ലക്ഷ്മി പിന്നീട് വിവാഹം ചെയ്തത്. ഇരുവരും ഇന്ന് സന്തോഷകരമായി ജീവിക്കുന്നു.
സംയുക്ത എന്ന മകളെ ദമ്പതികൾ എടുത്ത് വളർത്തുകയും ചെയ്തു. അവൾ വികടൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ ചെറുപ്പകാലം താൻ കുഞ്ഞിനെ നോക്കുന്ന തിരക്കിലായിരുന്നെന്ന് ലക്ഷ്മി പറയുന്നു. 20 വയസിൽ എനിക്ക് കുഞ്ഞ് പിറന്നു. സിംഗിൾ പാരന്റ് എന്നെ നിലയിൽ എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കണം. ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വന്നേ പറ്റൂ.
അതിനാൽ സുഹൃത്തുക്കളോടൊപ്പം അധികം കറങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ ലക്ഷ്മി ഇന്നത്തെ കാലത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു. കല്യാണം കഴിക്കണം, അമ്മയാകണം, കുഞ്ഞ് വേണം എന്നതൊക്കെയാണ് ഏത് സ്ത്രീയുടെയും ആഗ്രഹം. ഇപ്പോൾ ഭർത്താവ് പോലുമില്ലാതെ സരൊഗസി വഴി അമ്മയാകാം. ഞങ്ങളൊക്കെ ചെറുപ്പം മുതലേയുള്ള കണ്ടീഷനിംഗിൽ വളർന്നവരാണ്. കല്യാണം കഴിക്കണം കുഞ്ഞിനെ പ്രസവിക്കണം എന്ന ചിന്ത. ഇന്നത്തെ തലമുറയിൽ അത് മാറി.
കല്യാണം ജീവിതത്തിലെ ഭാഗമാണ്. അത് മാത്രമാണ് മുഖ്യം എന്ന് വിചാരിക്കരുത്. ഇപ്പോൾ മിക്കവരും 30 കഴിഞ്ഞ് കല്യാണം കഴിക്കുന്നുണ്ട്. 36 വയസിലും കുഞ്ഞിനെ പ്രസവിക്കുന്നു. ഇപ്പോൾ അതും വേണമെന്നില്ല. ആരെങ്കിലും പ്രസവിക്കും. ജീവിതം ഇങ്ങനെയായിരിക്കണം എന്ന നിർബന്ധം ഒന്നുമില്ല. സന്തോഷത്തിനാണ് പ്രാധാന്യം. അതിനനുസരിച്ച് പ്ലാൻ ചെയ്യുകയെന്ന് ലക്ഷ്മി അഭിപ്രായപ്പെട്ടു.
കുഞ്ഞ് പിറന്ന ശേഷവും അഭിനയം തുടരാൻ കാരണം സംവിധായകൻ ബാലചന്ദർ സാറാണ്. നവഗ്രഹം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ പൂർണ ഗർഭിണിയാണ്. ഷൂട്ട് കഴിഞ്ഞ് ഞാൻ പോകുകയാണ്, 20 ദിവസം കഴിഞ്ഞ് പ്രസവിക്കുമെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഡെലിവറി കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം തിരിച്ച് വാ എന്ന് അദ്ദേഹം.
ഇല്ല, അഭിനയം നിർത്തുകയാണ്, ഇനി കുഞ്ഞിനെ നോക്കണമെന്ന് ഞാൻ മറുപടി നൽകി. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇന്നും മനസിലുണ്ട്. സാവിത്രി, ഭാനുമതി തുടങ്ങിയവരുടെ റേഞ്ചിലാണ് നിന്നെ കാണുന്നത്. നീ തിരിച്ച് വരികയും അഭിനയിക്കുകയും ചെയ്യുമെന്നാണ് ബാലചന്ദർ പറഞ്ഞതെന്ന് ലക്ഷ്മി ഓർത്തു.
പുതുതലമുറയിലെ നടിമാരെക്കുറിച്ചും ലക്ഷ്മി സംസാരിച്ചു. ഓരോരുത്തരുടെയും കരിയർ അവർ തന്നെ പ്ലാൻ ചെയ്യുന്നതാണ്. ഇപ്പോൾ ജാൻവി കപൂർ വ്യത്യസ്തയുള്ള കഥാപാത്രങ്ങൾ ചെയ്ത് മുന്നോട്ട് പോകുന്നു. ഇന്നത്തെ നടിമാരിൽ കരിയറിനെ വലിയ ആത്മാർത്ഥതയോടെ കാണുന്നത് സമാന്തയാണെന്നും ലക്ഷ്മി അഭിപ്രായപ്പെട്ടു.