NationalNews

ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു, ബിജെപിക്ക് അഭിനന്ദനം; ജനസേവനം തുടരുമെന്ന് കെജ്‌രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് മുന്‍ മുഖ്യമന്ത്രിയും എ.എ.പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. വീഡിയോ സന്ദേശത്തിലൂടെയാണ് കെജ്‌രിവാള്‍ ബിജെപിയെ അഭിനന്ദിക്കുകയും ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിപറയുകയും ചെയ്തത്.

‘ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു. വിജയത്തില്‍ ബിജെപിയെ അഭിനന്ദിക്കുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സഫലീകരിക്കാന്‍ അവര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തലവികസനം എന്നീ മേഖലകളില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ജനങ്ങളെ സേവിക്കുന്നത് തുടരുകയും ചെയ്യും’, കെജ്‌രിവാള്‍ പറഞ്ഞു.

‘അധികാരത്തിനുവേണ്ടിയല്ല ഞങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് രാഷ്ട്രീയത്തെ ഞങ്ങള്‍ കണ്ടിട്ടുള്ളത്. അത് ഞങ്ങള്‍ തുടരുകയും ചെയ്യും. എഎപിക്കുവേണ്ടി ഈ സുപ്രധാനമായ തിരഞ്ഞെടുപ്പില്‍ കഠിനമായി അധ്വാനിക്കുകയും പോരാടുകയും ചെയ്ത പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു’, കെജ്‌രിവാള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ആംആദ്മി പാര്‍ട്ടിക്ക് 22 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചുള്ളൂ. 48 സീറ്റുകള്‍ നേടി ബിജെപി 27 വര്‍ഷങ്ങള്‍ക്കു ശേഷം അധികാരത്തില്‍ തിരിച്ചെത്തി. അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും അടക്കം എഎപിയുടെ പ്രമുഖ നേതാക്കളെല്ലാം പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് കെജ്‌രിവാള്‍ പരാജയപ്പെട്ടത്. 4089 വോട്ടിനായിരുന്നു തോല്‍വി. കെജ്‌രിവാള്‍ 25999 വോട്ട് നേടിയപ്പോള്‍ പര്‍വേശ് 30088 വോട്ട് നേടി.

മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 4568 വോട്ടും കെജ്‌രിവാളിന്റെ പരാജയത്തില്‍ നിര്‍ണായകമായി. ജംഗ്പുരയില്‍ മനീഷ് സിസോദിയ 675 വോട്ടിനാണ് ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ്ങിനോട് പരാജയപ്പെട്ടത്. മനീഷ് സിസോദിയ 38184 വോട്ട് നേടിയപ്പോള്‍ തര്‍വീന്ദര്‍ 38859 വോട്ട് നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker