KeralaNews

കെ എസ് ആര്‍ ടി സിയില്‍ തീര്‍ത്ഥയാത്രയ്ക്ക് പോയത് അമ്മയും മകനും; തിരികെ വീട്ടിലേക്ക് പോകാന്‍ മകന്‍ ഒപ്പമില്ല; അപകടത്തില്‍ മകന്‍ മരിച്ചതറിയാതെ അമ്മ ആശുപത്രിയിൽ

കോട്ടയം: കെ. എസ്. ആര്‍. ടി. സി. ബസ് കൊക്കയിലേക്ക് വീണുണ്ടായ അപകടത്തില്‍പ്പെട്ട് മകന്‍ മരിച്ചതറിയാതെ അമ്മ. മാവേലിക്കരയില്‍ നിന്നും തമിഴ്നാട്ടിലേക്ക് കെ. എസ്. ആര്‍. ടി. സി. ബസില്‍ പോയവരില്‍ യാത്രക്കാരായി അമ്മയും മകനുമുണ്ടായിരുന്നു. തിരികെ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ മകന്‍ അമ്മയ്ക്കൊപ്പമില്ല. മകന്റെ മൃതശരീരം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചപ്പോഴും മരണ വിവരം അറിയാതെ മാതാവ് ആശുപത്രിയില്‍ കഴിയുകയായിരുന്നു.

മാവേലിക്കര തട്ടാരമ്പലം സ്വദേശി അരുണ്‍ ഹരിയാണ് അപകടത്തില്‍ മരിച്ചത്. വിവരം മാതാവിനെ അറിയിക്കാന്‍ കഴിയാതെ ധര്‍മ്മസങ്കടത്തിലായിരുന്നു ഒപ്പമുണ്ടായിരുന്നവര്‍. ആശുപത്രിയില്‍ നിന്നും അമ്മയെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോകും വരെ സന്ദര്‍ശനത്തിനെത്തിയ ജനപ്രതിനിധികളും ആശുപത്രി ജീവനക്കാരും അമ്മയെ മകന്‍ നഷ്ടപ്പെട്ടത് അറിയിക്കാതെ നോക്കി. അപകടത്തില്‍ നിസാര പരുക്കുകളാണ് അമ്മയ്ക്ക് സംഭവിച്ചത്.

കൊല്ലം -തേനി ദേശീയപാതയില്‍ കുട്ടിക്കാനത്തിന് സമീപം പുല്ലുപാറയില്‍ കെ. എസ്. ആര്‍. ടി. സി. ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. വാഹനത്തിലുണ്ടായിരുന്ന പലരും നിലവിളി കേട്ടാണ് ഞെട്ടിയുണര്‍ന്നത്. പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം സംഭവിക്കുന്നത്. പലരും ഉറക്കത്തിലായിരുന്നു.

എന്ത് സംഭവിച്ചുവെന്ന് മനസ്സിലാക്കും മുന്‍പെ ബസ് താഴ്ച്ചയിലേയ്ക്ക് പതിച്ചിരുന്നു. അപകടത്തില്‍ നാല് പേരുടെ മരണം സംഭവിച്ചു. മാവേലിക്കര സ്വദേശികളാണ് മരിച്ചത്്. ജീവനക്കാര്‍ ഉള്‍പ്പെടെ മറ്റ് 33 പേര്‍ അത്ഭുകരമായി രക്ഷപ്പെടുകായിരുന്നു. മാവേലിക്കരയില്‍ നിന്നും മധുര, തഞ്ചാവൂര്‍ എന്നീ സ്ഥലങ്ങളിലേയ്ക്ക് തീര്‍ത്ഥാടനം കഴിഞ്ഞ് സംഘവുമായി മടങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്.

നാട്ടുകാരും ശബരിമല തീര്‍ത്ഥാടകരും വിനോദസഞ്ചാരികളുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിലുണ്ടായിരുന്ന പലരും താഴ്ച്ചയില്‍ നിന്നും സാവധാനം പിടിച്ച് റോഡിലെത്തുകയായിരുന്നു. മൂന്ന് പേര്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊട്ടാരക്കര ഡിപ്പോയില്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വീസ് നടത്തുന്ന ബസ് മാവേലിക്കര ഡിപ്പോയില്‍ വാടകകയ്ക്ക് എടുത്താണ് തീര്‍ത്ഥയാത്രയ്ക്ക് പോയത്്.

വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ രാജീവ്കുമാറിന് കാലിനാണ് പരുക്കേറ്റത്. ബ്രേക്ക് നഷ്ടമായപ്പോള്‍ വളവിനോട് ചേര്‍ന്ന് ഇടതു വശത്തുള്ള തിട്ടയില്‍ ഇടിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചതായും വാഹനം റോഡിന് കുറുകെ തിരിഞ്ഞ് പിന്‍ഭാഗമാണ് താഴേയ്ക്ക് പതിച്ചതെന്നും ഡ്രൈവര്‍ പറഞ്ഞു. താഴ്ചയില്‍ നിന്നും വൈകുന്നേരത്തോടെ ബസ് ഉയര്‍ത്തി. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker