ന്യൂയോർക്ക്: ആർട്ടിമിസ് പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ ഔദ്യോഗിക ട്വിറ്റർ പേജിൽ അറിയിച്ചു. അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്നതാണ് ആർട്ടിമിസ് ദൗത്യ പരമ്പര.
പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഓഗസ്റ്റ് 29ന് വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ റോക്കറ്റിന്റെ 4 കോർ സ്റ്റേജ് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നു അന്നു വിക്ഷേപണം മാറ്റിവച്ചു. പ്രശ്നങ്ങൾ പരിഹരിച്ചശേഷം ശനിയാഴ്ച വീണ്ടും വിക്ഷേപിക്കാൻ തീരുമാനിച്ചു. പക്ഷേ വീണ്ടും സാങ്കേതിക പിഴവ് കണ്ടെത്തിയതിനാൽ വിക്ഷേപണം പ്രതിസന്ധിയിലാകുകയായിരുന്നു.
പരീക്ഷണാർഥമാണ് ആർട്ടിമിസ് 1 വിക്ഷേക്ഷിക്കുന്നത്. യാത്രികർക്ക് പകരം പാവകളാണ് ഇതിലുള്ളത്. എങ്കിലും ഓറിയൺ പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിക്ഷേപിക്കാൻ ആദ്യദൗത്യം ശ്രമിക്കും. 2024ൽ ചന്ദ്രനു ചുറ്റും യാത്രികർ ഭ്രമണം ചെയ്യാനും 2025ൽ ആദ്യ സ്ത്രീയുൾപ്പെടെ യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനും നാസ പദ്ധതിയിടുന്നു.
ലോകത്തിലെ ഏറ്റവും കരുത്തുറ്റതും 322 അടി ഉയരമുള്ള റോക്കറ്റുമായ സ്‌പേസ് ലോഞ്ച് സിസ്റ്റമാണ് (എസ്എൽഎസ്) യാത്രികരുടെ പേടകമായ ഓറിയോൺ വഹിക്കുന്നത്. 50 വർഷങ്ങൾക്ക് മുൻപ് അപ്പോളോ ദൗത്യങ്ങളിൽ ഉപയോഗിച്ച സാറ്റേൺ ഫൈവ് റോക്കറ്റുകളെക്കാൾ ഉയരം കുറഞ്ഞതാണ് എസ്എൽഎസ് എങ്കിലും കരുത്ത് കൂടുതലാണ്. 11 അടി പൊക്കമുള്ളതാണ് ഒറിയോൺ പേടകം. 4 യാത്രികരെ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.
ഫ്ലോറിഡയിലെ വിക്ഷേപണത്തിനു ശേഷം 6 ആഴ്ചയെടുത്താണ് ആർട്ടിമിസ് 1 യാത്ര പൂർത്തീകരിക്കുന്നത്. റോക്കറ്റിന്റെ കോർ സ്‌റ്റേജ് വിക്ഷേപണത്തിനു ശേഷം കുറച്ചുസമയം കഴിയുമ്പോൾ ഭൂമിയിൽ പതിക്കും. ഭൂമിയിൽ നിന്ന് 3,86,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിലേക്ക് എത്താനായി ഓറിയോൺ ഒരാഴ്ചയെടുക്കും. പിന്നീട് അഞ്ചാഴ്ചയോളം പിന്നിട്ട ശേഷം മണിക്കൂറിൽ 40,000 കിലോമീറ്റർ എന്ന വേഗത്തിൽ പസിഫിക് സമുദ്രത്തിലേക്ക് ഓറിയൺ വീഴും. 9300 കോടിയിലധികം യുഎസ് ഡോളർ ചെലവു വരുന്നതാണ് ആർട്ടിമിസ് പദ്ധതി. ആദ്യദൗത്യത്തിന് 400 കോടി യുഎസ് ഡോളർ ചെലവുണ്ട്.