ആര്‍പ്പൂക്കര മണിയാപറമ്പിന് സമീപം കണ്ടെത്തിയ മനുഷ്യന്റെ ആന്തരികാവയവങ്ങള്‍ കളത്തിപ്പടി കരിപ്പാല്‍ ആശുപത്രിയില്‍ നിന്ന് എംബാം ചെയ്ത മൃതദേഹത്തിന്റേത്; രണ്ടു ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
കോട്ടയം: ആര്‍പ്പൂക്കര മണിയാപറമ്പിന് സമീപം റോഡരികില്‍ ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട മനുഷ്യന്റെ ആന്തരികാവയവങ്ങളുടെ അവശിഷ്ടങ്ങള്‍ കളത്തിപ്പടി കരിപ്പാല്‍ ആശുപത്രിയില്‍ നിന്നെത്തിച്ചത്. ഇവിടെ എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് റോഡരുകില്‍ കൊണ്ടുവന്ന തള്ളിയത്. സംഭവത്തില്‍ രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാരെ പോലീസ് പിടികൂടി.
അമയന്നൂര്‍ താഴത്ത് ഹൗസില്‍ സുനില്‍കുമാര്‍ (34), പെരുമ്പായിക്കാട് ചിലമ്പട്ടുശേരിയില്‍ ക്രിസ്‌മോന്‍ ജോസഫ് (38) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടായിരം രൂപയാണ് മനുഷ്യശരീരത്തിന്റെ അവശിഷ്ടം തള്ളാന്‍ ആശുപത്രി അധികൃതര്‍ ഇവര്‍ക്ക് നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ആര്‍പ്പൂക്കര മണിയാപറമ്പ് സൂര്യാക്കവലയില്‍ ബക്കറ്റിനുള്ളില്‍ മനുഷ്യന്റെ ആന്തരിക അവയവങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇത് മനുഷ്യന്റെ ആന്തരിക അവയവങ്ങളാണെന്ന് കണ്ടെത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ വന്ന വഴി വ്യക്തമായത്. അസുഖബാധിതയായി മരിച്ച പാലാ സ്വദേശിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കളത്തിപ്പടിയിലെ കരിപ്പാല്‍ ആശുപത്രിയില്‍ എംബാം ചെയ്തിരുന്നു. എന്നാല്‍, ഇവിടെ നിന്നും മൃതദേഹം കൊണ്ടു പോയ ശേഷം ബാക്കിയായ മാലിന്യങ്ങള്‍ ആശുപത്രി അധികൃതര്‍ രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പക്കല്‍ നല്‍കി അയക്കുകയായിരുന്നു. ബക്കറ്റിനുള്ളിലാക്കി അടച്ച് ഭദ്രമായി ഈ മാലിന്യങ്ങള്‍ ആശുപത്രി അധികൃതര്‍ ഡ്രൈവര്‍മാരെ ഏല്‍പ്പിച്ചു. രണ്ടായിരം രൂപ കൂലിയും നല്‍കി.
എന്നാല്‍ പോകുന്ന വഴിയില്‍ മദ്യപിച്ചിരുന്ന ഡ്രൈവര്‍മാര്‍ ആര്‍പ്പൂക്കര ഭാഗത്ത് എത്തിയപ്പോള്‍ അവശിഷ്ടങ്ങള്‍ റോഡിലേയ്ക്ക് വലിച്ചെറിയുകയായിരിന്നു. പാടശേഖരത്തിലേയ്ക്കാണ് ഈ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞത്. വെള്ളമുണ്ടെന്നും ഇത് ഒഴുകിപോകുമെന്നുമാണ് ഇവര്‍ ധരിച്ചിരുന്നത്. എന്നാല്‍, പാടത്തില്‍ വെള്ളമില്ലാത്ത ഭാഗത്ത് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ വന്നു വീഴുകയായിരുന്നു. മനപൂര്‍വം ജലം മലിനമാക്കണമെന്ന ഉദ്ദേശത്തോടെ മാലിന്യം തള്ളിയതിന് ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.