ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് സുപ്രീം കോടതി പരിരക്ഷ നല്‍കി. വിചാരണ കോടതികളില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ മുന്‍കൂര്‍ജാമ്യം എടുക്കാനും കോടതി അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളിലാണ് കോടതി പരിരക്ഷ നല്‍കിയിരിക്കുന്നത്.
മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടാനില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി കൊണ്ടാണ് സുപ്രിം കോടതിയുടെ നടപടി. ടിവി ഷോയ്ക്കിടെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത പരാതികള്‍ക്കാധാരം.രാജ്യത്താകമാനം ഇത്തരത്തില്‍ നിരവധി പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിട്ടുണ്ട്. അര്‍ണബിനെതിരെ മൂന്നാഴ്ച ബലം പ്രയോഗിച്ചുള്ള നടപടികളൊന്നും എടുക്കരുതെന്ന് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്‍. ഷാ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
അതേസമയം നാഗ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും മുംബൈയിലേക്ക് മാറ്റിയതുമായ എഫ്.ഐ.ആറില്‍ കോടതി സംരക്ഷണം നല്‍കിയിട്ടില്ല. അര്‍ണബിനും റിപ്പബ്ലിക് ടിവിക്കും സുരക്ഷയൊരുക്കാനും മുംബൈ പോലീസിനോട് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി അര്‍ണബ് നിര്‍ബന്ധമായും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.