യുവാവിനെ ചാക്കില്‍ക്കെട്ടി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍; കൊലപാതക കാരണം പ്രതികാരം
കൊച്ചി: നെട്ടൂരില്‍ യുവാവിനെ കൊലപ്പടുത്തിയ ചാക്കിക്കെട്ടി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട കുമ്പളം മാന്നനാട്ട് വീട്ടില്‍ അര്‍ജുന്റെ (20) സുഹൃത്തുക്കളാണ് അറസ്റ്റിലായ അഞ്ചുപേരും. പ്രതികളെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ എട്ടരയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം മൃതദേഹം കരയ്‌ക്കെത്തിക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. നെട്ടൂര്‍ മേല്‍പ്പാലത്തിനു ഒരു കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിന് സമീപം ആള്‍ താമസമില്ലാത്ത കണിയാച്ചാല്‍ ഭാഗത്ത് കുറ്റിക്കാട്ടില്‍ നിന്നും ഇന്നലെ വൈകിട്ടാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടാം തീയതി മുതല്‍ അര്‍ജുനെ (20) കാണാനില്ലെന്ന് അറിയിച്ച് കുടുംബം പനങ്ങാട് പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് വേണ്ടത്ര ഗൗരവത്തില്‍ കേസന്വേഷണം നടത്തിയില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. അര്‍ജുന്റെ സുഹൃത്തുക്കളെ സംശയിക്കുന്നതായി കാണാതാകുമ്പോള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പനങ്ങാട് പോലീസ് പരാതിയില്‍ പറയുന്ന സുഹൃത്തുക്കളെ വിളിച്ച് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ബുധനാഴ്ച അര്‍ജുന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതോടെ ജനപ്രതിനിധികളും മറ്റും ഇടപെട്ടതിനെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച് കേസ് അന്വേഷണം ആരംഭിക്കുകയും പനങ്ങാട് പൊലീസ് ഈ സംഘത്തെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യവേ കളമശേരിയില്‍ വച്ച് അപകടത്തില്‍പ്പെട്ടിരുന്നു. ബൈക്കോടിച്ചിരുന്നയാള്‍ അപകടത്തില്‍ മരിച്ചിരിക്കുകയും അര്‍ജുന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുശേഷം തന്റെ സഹോദരനെ അര്‍ജുന്‍ കൊണ്ടുപോയി കൊന്നതാണെന്ന തരത്തില്‍ മരിച്ചയാളുടെ സഹോദരന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇയാള്‍ക്ക് സഹോദരന്റെ മരണത്തില്‍ അര്‍ജുനോടുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.