34 C
Kottayam
Friday, April 19, 2024

‘അരിക്കൊമ്പൻ’ വീണ്ടും റേഷൻകട തകർത്തു; ഒരു വർഷത്തിനിടെ ഇത് 11-ാം തവണ,വശംകെട്ട് നാട്ടുകാര്‍

Must read

ഇടുക്കി: ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട ആന വീണ്ടും തകര്‍ത്തു. ‘അരിക്കൊമ്പന്‍’ എന്നറിയപ്പെടുന്ന, അരി തിന്നുന്നത് പതിവാക്കിയ ആനയാണ് റേഷന്‍ കട തകർത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് നാട്ടുകാര്‍ ബഹളംവെച്ച് ആനയെ ഓടിച്ചു.

പത്തുദിവസത്തിനിടെ നാലാംതവണയാണ് ആന ഈ റേഷന്‍കട ആക്രമിക്കുന്നത്. റേഷന്‍കട തകര്‍ത്തശേഷം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതാണ് ആനയുടെ രീതി. ആന്റണി എന്നയാളുടെ റേഷന്‍കട 26 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിച്ചുവരികയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 11 തവണ ആന ഈ റേഷന്‍കട തകർത്ത് അരിയടക്കമുള്ളവ തിന്നിരുന്നു.

റേഷന്‍കടയെ ലക്ഷ്യംവെച്ച് ആനയുടെ ആക്രമണം തുടര്‍ക്കഥയായതോടെ ഇവിടത്തെ ഭക്ഷ്യവസ്തുക്കള്‍ മറ്റൊരിടത്തേക്ക് നീക്കിയിരുന്നു. അതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ സാധനങ്ങളൊന്നും നഷ്ടപ്പെട്ടില്ല. എന്നാല്‍ കട വലിയതോതില്‍ തകർക്കപ്പെട്ടിട്ടുണ്ട്.

റേഷന്‍കടയുടെ ചുമര്‍ പൊളിച്ച് അരിച്ചാക്ക് പുറത്തേക്കെടുത്ത് ഇതു കഴിച്ച ശേഷം തിരിച്ചുപോവുന്നതാണ് ആനയുടെ രീതി. ഇതിനാല്‍ത്തന്നെ അരിക്കൊമ്പന്‍ എന്നാണ് നാട്ടുകാര്‍ ഈ ആനയ്ക്കു നല്‍കിയ പേര്. രണ്ടാഴ്ച മുന്‍പും ആന നാട്ടിലിറങ്ങി രണ്ട് വീടുകള്‍ നശിപ്പിച്ച് അരിയെടുത്ത് ഭക്ഷിച്ചിരുന്നു. അതും ഈ ആനതന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം, ആന ആളുകള്‍ക്കെതിരെ ഇതുവരെ അക്രമം നടത്തിയിട്ടില്ല. എങ്കിലും അരി കഴിക്കുന്നതിനായി ആന വീടുകള്‍ തകർക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ത്തന്നെ പ്രദേശവാസികള്‍ ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ത്തി. ഈ അവസ്ഥയില്‍ റേഷന്‍ കട നടത്താന്‍ പ്രയാസപ്പെടുകയാണെന്ന് കടയുടമ ആന്‍റണി പറഞ്ഞു. കഴിഞ്ഞ ദിവസം വനംവകുപ്പ് വാച്ചറെ കാട്ടാന കൊലപ്പെടുത്തിയത് ഇതേ സ്ഥലത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week