'നീ ഈ ചിത്രത്തില്‍ വേലക്കാരിയുടെ റോളല്ലേ? നിലത്തിരുന്നാല്‍ മതി എന്ന് അയാള്‍ പറഞ്ഞു; പുതുമുഖം ആയതിനാല്‍ സെറ്റില്‍ ബുള്ളിങ് നേരിട്ടിരുന്നു'; വെളിപ്പെടുത്തി അര്‍ച്ചന കവി
കൊച്ചി:നീലത്താമരയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അര്‍ച്ചന കവി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ താരം ചെയ്തു. നിലവില്‍ ഏതാണ്ട് 10 വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ട് നിന്നിരുന്ന താരം ഇപ്പോള്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. എന്നാല്‍ തന്റെ ആദ്യ ചിത്രത്തില്‍ തനിക്കുണ്ടായ ചില മോശം അനുഭവം പങ്കുവെക്കുകയാണ് അര്‍ച്ചന. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
നീലത്താമരയില്‍ പുതുമുഖമായതിനാല്‍ സെറ്റില്‍ ബുള്ളിയിങ് ഉണ്ടായിരുന്നുവെന്നാണ് അഭിമുഖത്തില്‍ അര്‍ച്ചന വെളിപ്പെടുത്തിയത്. നിലത്ത് ഇരിക്കാന്‍ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അര്‍ച്ചന പറയുന്നു. സത്യം പറഞ്ഞാല്‍ നീലത്താമര ചെയ്യുന്ന സമയത്ത് എനിക്ക് എം.ടി സാറിന്റെ വലിപ്പം അറിയില്ലായിരുന്നു. കുഞ്ഞിമാളു ആകാന്‍ ആ അറിവില്ലായ്മ എന്നെ സഹായിച്ചു. സ്‌കൂളില്‍ നിന്ന് ഒരു നാടകം ചെയ്യാന്‍ പോകും പോലെയാണ് ഞാന്‍ നീലത്താമരയുടെ സെറ്റിലേക്ക് ചെന്നതെന്നും അര്‍ച്ചന കവി പറയുന്നു.
എം.ടി സാര്‍ ഒരിക്കലും അദ്ദേഹത്തിന്റെ പാണ്ഡിത്യം നമുക്ക് മുന്നില്‍ കാണിക്കില്ല. ഞാന്‍ സാറിനോട് മലയാളത്തില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇംഗ്ലീഷിലായിരുന്നു. ഞാന്‍ ഡല്‍ഹിയില്‍ നിന്നാണെന്നും മലയാളത്തെക്കാള്‍ ഇംഗ്ലീഷാണ് ഈ കൊച്ചിന് തലയില്‍ കേറുക എന്നും അദ്ദേഹത്തിന് മനസിലായി. അതുപോലെ ഞാന്‍ പുതുമുഖം ആയതിനാല്‍ സെറ്റില്‍ ചെറിയ രീതിയില്‍ ബുള്ളിയിങ് ഉണ്ടായിരുന്നു. നിനക്ക് വേലക്കാരിയുടെ റോളല്ലേ…, നിലത്തിരുന്നാല്‍ മതി എന്നെല്ലാം ഒരാള്‍ വന്ന് പറഞ്ഞുവെന്നാണ് അര്‍ച്ചന കവി പങ്കുവെക്കുന്നത്.
ഒരുദിവസം എം.ടി സാര്‍ ഒന്നിച്ചിരുന്ന് കഴിക്കാന്‍ എന്നെ വിളിച്ചു. അപ്പോള്‍ നേരത്തെ പരിഹസിച്ച ആള്‍ വന്ന് വീണ്ടും എന്തൊക്കെയോ പറഞ്ഞു. അതോടെ ഞാന്‍ പരിഭ്രമിച്ചുപോയി. എന്റെ വെപ്രാളം സാറിന് മനസിലായോ എന്നറിയില്ല. അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ട് ചോറ് ഉരുളയാക്കി കഴിച്ച് തുടങ്ങി. അത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി എന്നാണ് അര്‍ച്ചന കവി പറഞ്ഞത്.