തിരുവനന്തപുരം : മരണം താണ്ഡവമാടിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിലെ 32% പ്രദേശം മാരക ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള അതിതീവ്ര മേഖല. വയനാടിന് പുറമേ, ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും സാദ്ധ്യത കൂടുതലാണ്.
കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് യൂണിവേഴ്സിറ്റി (കുഫോസ്) പഠനത്തിലെ കണ്ടെത്തലാണിത്.
സംസ്ഥാനത്ത് 460 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനോ മണ്ണൊലിപ്പിനോ സാദ്ധ്യതയുണ്ട്. അതിൽ 32 സ്ഥലങ്ങളിൽ 30 ശതമാനത്തിലേറെയും 76 സ്ഥലങ്ങളിൽ 20 ശതമാനത്തിലേറെയും ഉരുൾ പൊട്ടൽ സാദ്ധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.
അപകട സാദ്ധ്യതയുള്ള സ്ഥലങ്ങൾ
വയനാട് -10% മുകളിൽ
വൈത്തിരി, തോണ്ടർനാട്, പൊഴുതാന, തിരുനെല്ലി, വെള്ളമുണ്ട, തറിയോട്, മൂപിനാട്, പടിഞ്ഞാറെത്തറ
ഇടുക്കി: 30%
കൊക്കയാർ, മറയൂർ, വട്ടവട, പെരുവന്താനം, മാങ്കുളം, അടിമാലി, കാന്തള്ളൂർ, പീരുമേട്, മൂന്നാർ, കുടയത്തൂർ, കൊന്നത്തടി, വാത്തികുടി, അറക്കുളം, പള്ളിവാസൽ, ഉടമ്പന്നൂർ,വണ്ണപുറം, മരിയാപുരം, വെള്ളത്തൂവൽ, ചിന്നക്കനാൽ, കുമിളി, വെള്ളിയാമറ്റം
മലപ്പുറം: 30%
അമരമ്പലം, കരുളായ്, ചോക്കാട്, കരുവാരക്കുണ്ട്,
പാലക്കാട്: 30%
മലമ്പുഴ, അഗളി, പുത്തൂർ,
പത്തനംതിട്ട: 30%
അരുവാപ്പുലം, സീതത്തോട്, ചിറ്റാർ,
അരുതേ…
1 മലയിൽ നിന്ന് ഉറവപൊട്ടുന്ന നീർചാലുകളുടേയും കുഞ്ഞരുവികളുടേയും ഒഴുക്ക് തടയരുത്. തടയണ കെട്ടിയും മനുഷ്യ നിർമ്മിതികൾക്കും ഇവ തടയുന്നത് അപകടം
2 മലമുകളിലും 25%ത്തിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിലും മഴക്കുഴികൾ പാടില്ല. വയനാട്ടിലും ഇടുക്കിയിലും അപകട മേഖലകളിൽ മഴക്കുഴികളുണ്ട്.
3 വികസനത്തിന് കുന്ന് കുത്തനെ ഇടിക്കരുത്. റോഡ് നിർമ്മാണത്തിനും വയനാട്ടിൽ ഒരു കോളേജ് നിർമ്മിക്കാനും കുത്തനെ ഇടിച്ചിട്ടുണ്ട്
ചെയ്യാവുന്നത്
1 അപകടമേഖലകളിൽ മഴ ശക്തമാകുമ്പോഴെങ്കിലും താമസം ഒഴിവാക്കുക
2 വിദഗ്ദ്ധോപദേശം തേടിയ ശേഷമേ നിർമ്മാണങ്ങൾ പാടുള്ളൂ
3 തടഞ്ഞുവച്ച നീർച്ചാലുകൾ തുറന്നുവിടണം
4 കൈയാലകൾ കെട്ടുമ്പോൾ വെള്ളം ഒഴുകാൻ സൗകര്യം വേണം