KeralaNews

‘ഇല്ലാക്കഥകള്‍ പറഞ്ഞ് അപമാനിച്ചു, ഇത് വ്യക്തിഹത്യ’; മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി അനുപമയും അജിത്തും

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിന് മന്ത്രി സജി ചെറിയാനെതിരെ പരാതി. മന്ത്രി വ്യക്തിഹത്യ നടത്തിയെന്നും ഇല്ലാക്കഥകള്‍ പറഞ്ഞ് അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി കുട്ടിക്കു വേണ്ടി സമരരംഗത്തുള്ള അമ്മ അനുപമയും ഭര്‍ത്താവ് അജിത്തും പരാതി നല്‍കി. പേരൂര്‍ക്കട പോലീസിലാണ് ഇരുവരും പരാതി നല്‍കിയത്.

ആരുടെകൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്ന് അനുപമ പരാതിയില്‍ പറഞ്ഞു. തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസില്‍ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇരുവര്‍ക്കുമെതിരെ തുറന്നടിച്ചത്.

”കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.

എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്.” മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button