അടൂർ: കെ.പി.റോഡിൽ കാർ ലോറിയിലിടിച്ച് അധ്യാപികയും കാർ ഡ്രൈവറും മരിച്ച സംഭവത്തിൽ ഇരുവരുടേയും ബാങ്ക് രേഖകൾ പോലീസ് പരിശോധിക്കും. മരിച്ച അനുജയുടേയും മുഹമ്മദ് ഹാഷിമിന്റെയും ബന്ധം എത്രനാൾ മുൻപ് തുടങ്ങി എന്നതും ഇവർ തമ്മിൽ സാമ്പത്തിക കൈമാറ്റം നടന്നിട്ടുണ്ടോയെന്നും ബാങ്ക് രേഖകൾ പരിശോധിച്ചാൽ അറിയാനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.
അതിനിടെ, സംഭവത്തിൽ ലോറി ഡ്രൈവറെ പ്രതിസ്ഥാനത്തുനിന്നു നീക്കിയിട്ടുമുണ്ട്. ലോറി ഡ്രൈവർ ഹരിയാണ സ്വദേശി റമ്ജാനെയാണ് പ്രതിസ്ഥാനത്തുനിന്നു ഒഴിവാക്കിയത്. പോലീസ് കസ്റ്റഡിലായിരുന്ന ലോറിയും വിട്ടുനൽകി.
അപകടത്തിനുശേഷം മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ, ലോറിയിൽ ഇടിക്കുംമുൻപ് കാർ ബ്രേക്കുചെയ്യാൻ ശ്രമിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ഇതോടെ പോലീസ്, അപകടത്തിൽ മരിച്ച മുഹമ്മദ് ഹാഷിം മനഃപൂർവം കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന നിഗമനത്തിലെത്തുകയായിരുന്നു.
അനുജ(37)യുടെ മരണം കൊലപാതകമാണെന്നും ഇതേപ്പറ്റി സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അച്ഛൻ കെ. രവീന്ദ്രൻ നൂറനാട് എസ്.എച്ച്.ഒ.യ്ക്കു കഴിഞ്ഞദിവസം പരാതി നൽകി. പകർപ്പ് ഡി.ജി.പി.ക്കും അയച്ചു.
വിനോദയാത്ര കഴിഞ്ഞ് സഹാധ്യാപകരോടൊപ്പം മടങ്ങിവരുമ്പോൾ കുളക്കടയിൽവെച്ച് മുഹമ്മദ് ഹാഷിം കാർ മുന്നിലിട്ടു തടഞ്ഞ് മകളെ ഭീഷണിപ്പെടുത്തി കയറ്റിക്കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു. അതിവേഗത്തിൽ കാറോടിച്ച് മനഃപൂർവം ലോറിയിൽ ഇടിച്ചുകയറ്റി മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിലുണ്ട്. പരാതി അടൂർ പോലീസിനു കൈമാറിയതായി നൂറനാട് എസ്.എച്ച്.ഒ. ഷൈജു ഇബ്രാഹിം പറഞ്ഞു.
പത്തനംതിട്ട തുമ്പമൺ നോർത്ത് ഗവ. ഹൈസ്കൂളിലെ അധ്യാപികയായിരുന്നു അനുജ. അനുജയും ബസ് ഡ്രൈവറായ ചാരുംമൂട് പേരൂർക്കാരാണ്മ ഹാഷിംവില്ലയിൽ മുഹമ്മദ് ഹാഷിമും(31) സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്‌നർ ലോറിയിലിടിച്ചാണ് ഇരുവരും മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.15-ന് കെ.പി. റോഡിലെ അടൂർ പട്ടാഴിമുക്കിലായിരുന്നു അപകടം.