പത്തനംതിട്ട: കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികളടക്കം നാലുപേര്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍. നിഖില്‍, ഭാര്യ അനു, നിഖിലിന്റെ പിതാവായ മത്തായി ഈപ്പന്‍, അനുവിന്റെ പിതാവ് ബിജു. പി. ജോര്‍ജ് എന്നിവരാണ് മരിച്ചത്. കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ പുലര്‍ച്ചെ 4:05 നായിരുന്നു അപകടം സംഭവിച്ചത്.
കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച്ച പറയാനാകാത്തതാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത നാട്ടുകാരന്‍ പറയുന്നു. അനുവൊഴികെ മറ്റു മൂന്നുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. കാറിന്റെ ഡോര്‍ വെട്ടിപ്പൊളിച്ച് അകത്ത് നോക്കിയപ്പോള്‍ അനുവിന് മാത്രമായിരുന്നു ജീവനുണ്ടായിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റിയെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങി.
ഈ സമയത്ത് അനുവിന്റെ അമ്മ ഫോണില്‍ വിളിച്ചിരുന്നു. മോളേ, എവിടെയെത്തി എന്നായിരുന്നു ചോദ്യം. മകളല്ല, അവര്‍ക്കൊരു അപകടം പറ്റിയെന്നും പത്തനംതിട്ട ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും താന്‍ പറഞ്ഞെന്നും നാട്ടുകാരന്‍ പറയുന്നു.
നവംബര്‍ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മലേഷ്യയില്‍ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പന്‍ മത്തായിയും. 2011 മോഡല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.
ബിജു പി ജോര്‍ജാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍വശത്ത് ഇടതുഭാഗത്താണ് മാത്യു ഈപ്പന്‍ ഇരുന്നത്. പിന്‍വശത്ത് വലതും ഇടതുമായി യഥാക്രമം നിഖിലും അനുവും ഇരിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഉള്ളിലേക്ക് ചുരുങ്ങുകയായിരുന്നു.
അനു ഒഴികെ മറ്റ് മൂന്നുപേരേയും പെട്ടന്ന് പുറത്തെത്തിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഇവരുടെ വീടെത്താന്‍ അപകടസ്ഥലത്തുനിന്നും ഏതാണ്ട് 12 കിലോമീറ്റര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പിന്‍ഭാഗത്തിരുന്നതിനാല്‍ അനുവും നിഖിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ബിജുവും മാത്യുവും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന് വ്യക്തമാകാത്ത രീതിയിലാണ് കാര്‍ തകര്‍ന്നത്. തലകീഴായിട്ടാണ് നിഖില്‍ കിടന്നിരുന്നത്.
ഇദ്ദേഹത്തിന്റെ തല മുന്‍വശത്തെ സീറ്റുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലും. ഇതും ഇവരെ പെട്ടന്ന് പുറത്തെടുക്കുന്നതിന് തടസമായി. ഫയര്‍ ഫോഴ്‌സെത്തി കാറിന്റെ പലഭാഗവും വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും പുറത്തെടുത്തത്.
രക്ഷാപ്രവര്‍ത്തനം ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ടു. അപകടവിവരമറിഞ്ഞ് ആദ്യ ആംബുലന്‍സെത്തിയത് 4.18-നാണ്. അനുവിനെയാണ് ആദ്യം പുറത്തെടുത്തത്. അനുവിനെ ആംബുലന്‍സ് കോന്നിയിലെ ആശുപത്രിയിലെത്തിച്ചശേഷം മടങ്ങിവരികയാണുണ്ടായത്. ഈപ്പന്‍ മത്തായി, നിഖില്‍, ബിജു എന്നിവര്‍ സംഭവസ്ഥലത്ത് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.
അപകടത്തില്‍ തകര്‍ന്ന കാറിനുള്ളില്‍ രക്തത്തിന്റെയും പൊട്ടിയ ഗ്ലാസ് കഷണങ്ങള്‍ക്കുമിടയില്‍ അനുവിന്റെയും നിഖിലിന്റെയും വിവാഹ ക്ഷണക്കത്തടക്കം കിടന്നിരുന്നു. കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു നിഖില്‍. മിനി ബസിലുണ്ടായിരുന്ന ഏതാനും തീര്‍ഥാടകര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്ക് ഗുരുതരമല്ല.
അതേസമയം, സംഭവത്തില്‍ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് എഫ്‌ഐആര്‍. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ പറയുന്നു. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെ നാലരയോടെ നടന്ന അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് നിരത്തില്‍ പൊലിഞ്ഞത്.
നാല് പേരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയാണ് മൃതദേഹങ്ങള്‍ പത്തനംതിട്ടയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്. നിഖിലിന്റെ സഹോദരിയും ബിജു പി ജോര്‍ജിന്റെ സഹോദരിയും വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്‌കാരം നടക്കുക.
കാനഡയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖില്‍ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. കാര്‍ അമിതവേഗത്തില്‍ വന്നിടിച്ചു എന്നാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവര്‍ സതീഷ് പറയുന്നത്. കാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാര്‍ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തില്‍ മാത്രമായിരുന്നുവെന്നും ഡ്രൈവര്‍ സതീഷ് വ്യക്തമാക്കി. ബസ്സില്‍ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീര്‍ഥാടകരാണ്. ഇവര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.