തൊണ്ടിയായി പിടിച്ച അടിവസ്ത്രം വെട്ടിച്ചെറുതാക്കി പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു , ഗതാഗത മന്ത്രി പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസിൽ വിചാരണ നടപടികൾ ഇഴഞ്ഞുനീങ്ങുന്നു
തിരുവനന്തപുരം:ഗതാഗത മന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസിൽ വിചാരണ നടപടികൾ ഇഴഞ്ഞുനീങ്ങുന്നു. 16 വർഷം പൂർത്തിയായിട്ടും വിചാരണ വേഗത്തിലാക്കാൻ സർക്കാർ നടപടിയെടുത്തിട്ടില്ല. ഒരു തവണ പോലും ആൻ്റണി രാജു കോടതിയിൽ ഹാജരായില്ല.
കുറ്റപത്രത്തിൻ്റെയും അനുബന്ധ രേഖകളുടെയും പകർപ്പ് പുറത്തുവന്നു.മയക്കുമരുന്ന് കേസ് പ്രതിയെ സഹായിച്ചെന്നാണ് കേസ്. തൊണ്ടിയായി പിടിച്ച അടിവസ്ത്രം വെട്ടിച്ചെറുതാക്കി പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു എന്നാണ് ആരോപണം. ഗൂഢാലോചന, രേഖകളിൽ കൃത്രിമം കാണിക്കൽ എന്നീ കുറ്റങ്ങളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
28 വർഷം മുൻപാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. 16 വർഷം മുൻപ് കുറ്റപത്രം സമർപ്പിച്ചു. അതിനു ശേഷം 22 തവണ കേസ് വിളിച്ചു. എന്നാൽ ഒരു തവണ പോലും ആൻ്റണി രാജു ഹാജരായില്ല.
തൊണ്ടിമുതൽ മോഷണക്കേസിൽ തന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കോടതികളിൽ ഹാജരാകുന്നതിന് നിയമസഭാ സാമാജികർക്ക് ഇളവുണ്ട്. തനിക്ക് പകരം അഭിഭാഷകൻ കൃത്യമായി ഹാജരാകുന്നുണ്ടെന്ന് ആന്റണി രാജു പറഞ്ഞു.
ഗതാഗത മന്ത്രി പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസിൽ വിചാരണ നടപടികൾ ഇഴഞ്ഞുനീങ്ങുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
1990ൽ അണ്ടർ വെയറിൽ ഒളിപ്പിച്ച് വെച്ച ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവോദർ തിരുവനന്തപുരത്ത് കേരളാ പൊലീസിന്റെ പിടിയിലായി.തിരുവനന്തപുരം അഡീഷണൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് വന്നപ്പോൾ ആൻഡ്രൂവിന് വേണ്ടി ഹാജരായത് അഭിഭാഷകനായ ആന്റണി രാജുവായിരുന്നു. നിയമവിരുദ്ധമായി മയക്കുമരുന്ന് അണ്ടർ വെയറിൽ ഒളിപ്പിച്ച് പിടിക്കപ്പെട്ട കേസിൽ ആൻഡ്രൂവിന് കോടതി പത്തുവർഷം തടവുശിക്ഷ വിധിച്ചു.കോടതി വിധിക്കെതിരെ ആൻഡ്ര ഹൈക്കോടതിയിൽ അപ്പീൽ നൽകിയത് മുതലാണ് കേസിലെ ട്വിസ്റ്റ്.
ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ തൊണ്ടിമുതലായ അണ്ടർ വെയർ ഹാജരാക്കപ്പെട്ടു. ആൻഡ്ര ധരിച്ചിരുന്ന അതേ നിറത്തിലും തുണിയിലുമുള്ള അണ്ടർ വെയർ കോടതിയിൽ ഹാജരാക്കിയെങ്കിലും അത് ഒരു കൊച്ചുകുട്ടിക്ക് ധരിക്കാവുന്ന വലിപ്പമേയുള്ളൂവെന്ന് കോടതി കണ്ടെത്തി. തടിച്ച ശരീരമുള്ള പ്രതിക്ക് ധരിക്കാൻ പാകത്തിലുള്ളതല്ല ഈ അണ്ടർ വെയറെന്നും അതിനാൽ പൊലീസ് മനപ്പൂർവം കെട്ടിച്ചമച്ച കേസാണെന്നും വാദമുയർന്നു. ഒടുവിൽ കോടതി ആൻഡ്രൂവിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. അതോടെ ആ കേസും അവസാനിച്ചു.
ഓസ്ട്രേലിയയിലേക്ക് മടങ്ങിയ ആൻഡ്ര അധികം വൈകാതെ അവിടെ ഒരു കൊലപാതക കേസിൽ പ്രതിയായി. ഓസ്ട്രേലിയൻ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഈ കേസിൽ ആൻഡ്രൂവിനൊപ്പം സഹ പ്രതിയായ വ്യക്തിയുടെ മൊഴിയിൽ നിന്ന് പണ്ട് ഇന്ത്യയിലുണ്ടായ ഒരു കേസിൽ നിന്ന് ആൻഡ്രൂ രക്ഷപ്പെട്ടത് അണ്ടർ വെയർ മാറ്റിയെടുത്തായിരുന്നുവെന്ന് ഓസ്ട്രേലിയൻ പൊലീസിന് വിവരം കിട്ടി. അവർ അത് ഇന്റർപോളിനെയും ഇന്ത്യയിൽ സിബിഐയെയും അറിയിച്ചു. തുടർന്ന് അണ്ടർ വെയർ കേസ് വീണ്ടും അന്വേഷണത്തിന്റെ ഭാഗമായി. ടിപി സെൻകുമാറാണ് സിസി 268/2006 ക്രൈം നമ്പറിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
2006ൽ കേസിന്റെ കുറ്റപത്രം കോടതിയിൽ എത്തിയപ്പോൾ ഒന്നാം പ്രതി ആന്റണി രാജുവും രണ്ടാം പ്രതി കോടതിയിലെ ക്ലാർക്ക് ജോസ് എന്നയാളുമായിരുന്നു. 1990ലെ മയക്കുമരുന്ന് കേസിൽ തൊണ്ടിമുതലായി കോടതിയിൽ സൂക്ഷിച്ചിരുന്ന ആൻഡ്രൂവിന്റെ അണ്ടർ വെയർ കോടതി ക്ലാർക്കിന്റെ സഹായത്തോടെ ആന്റണി രാജു മോഷ്ടിച്ചെടുത്തെന്നും അത് പിന്നീട് പുറത്തുകൊണ്ടുവന്ന് ഒരു കുട്ടിക്ക് ധരിക്കാവുന്ന വലിപ്പത്തിൽ ചെറുതാക്കി തുന്നിയെടുക്കുകയായിരുന്നുവെന്നുമായിരുന അന്വേഷണത്തിൽ കണ്ടെത്തിയത്.