അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ഫിലാഡെല്‍ഫിയയില്‍ വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നുവീണു
ഫിലാഡെല്‍ഫിയ: അമേരിക്കയില്‍ വീണ്ടും വിമാനാപകടം. വടക്കു കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നുവീണു. റൂസ് വെല്‍ട്ട് ബൊളിവാര്‍ഡിനും കോട്ട്മാന്‍ അവന്യുവിനുമിടയില്‍ വീടുകള്‍ക്കു മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടം നടന്നത്. വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.
അപകടത്തിന് പിന്നാലെ പ്രദേശത്ത് വന്‍തീപിടിത്തമുണ്ടായി. വീടും നിരവധി കാറുകളും കത്തിനശിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
പ്രദേശത്ത് വലിയ അപകടം നടന്നതായി ഫിലാഡല്‍ഫിയ ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്‌മെന്റ് സാമൂഹികമാധ്യമത്തില്‍ അറിയിച്ചു. എന്നാല്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റൂസ്വെല്‍റ്റ് ബൊളിവാര്‍ഡിന്റെ ചില ഭാഗങ്ങളില്‍ റോഡുകള്‍ അടച്ചയായും ഈ പ്രദേശത്തേക്ക് യാത്ര ഒഴിവാക്കണമെന്നും നഗരത്തിലെ എമര്‍ജന്‍സി മാനേജ്‌മെന്റ് ഓഫീസ് എക്‌സില്‍ കുറിച്ചു.