ചെന്നൈ: തമിഴ്‌നാട്ടിലെ ബി.എസ്.പി. അധ്യക്ഷന്‍ കെ. ആസംട്രോങ്ങിന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ഗുണ്ടാനേതാവ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സീസിങ് രാജയാണ് കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്ന് ഞായറാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായി ചെന്നൈയിലേക്ക് പോകുന്നതിനിടയിലാണ് സംഭവം.
ഒന്നരമാസം മുന്‍പ് ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിനെ വധിച്ച കേസില്‍ പ്രതിയായ ഗുണ്ടാനേതാവ് തിരുവെങ്കിടത്തെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. കുപ്രസിദ്ധ ഗുണ്ടാനേതാവ് കാക്കാത്തോപ്പ് ബാലാജി കഴിഞ്ഞയാഴ്ചയാണ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
പ്രതിയായ രാജ പോലീസിനു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. അറസ്റ്റ് ചെയ്ത രാജയെ പോലീസ് വാഹനത്തില്‍ ചെന്നൈയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായാണ് രാജയുമായി സംഘം ചെന്നൈയിലേക്ക് തിരിച്ചത്.
ഇതിനിടയില്‍ തോക്കെടുത്ത് പോലീസിന് നേരെ വെടിവെക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് പ്രതിയെ വെടിവെക്കുന്നത്. വയറിലും നെഞ്ചിലും വെടിയേറ്റ രാജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഗുണ്ടാനേതാവായ രാജക്കെതിരേ 33 കേസുകളുണ്ട്.
ആസംട്രോങ്ങിന്റെ കൊലപാതകക്കേസില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് ആര്‍ക്കോട് സുരേഷിന്റെ ഭാര്യ നേരത്തേ പിടിയിലായിരുന്നു. എസ്. പോര്‍ക്കൊടിയെ ഗൂഢാലോചന കുറ്റംചുമത്തിയാണ് അറസ്റ്റുചെയ്തത്. ആരുദ്ര സ്വര്‍ണനിക്ഷേപപദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗോള്‍ഡ് ട്രേഡിങ് കമ്പനിയെ പിന്തുണച്ച ആര്‍ക്കോട് സുരേഷ് നേരത്തെ കൊല്ലപ്പെട്ടിരുന്നു.
സ്വര്‍ണനിക്ഷേപപദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 2500 കോടിയോളം രൂപയുടെ തട്ടിപ്പാണ് ആരുദ്ര നിക്ഷേപപദ്ധതിയുടെ മറവില്‍ നടന്നത്. കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആര്‍ക്കോട്ട് സുരേഷ് ആരുദ്ര ഗോള്‍ഡ് ട്രേഡിങ് കമ്പനിയെ പിന്തുണച്ചപ്പോള്‍ പണംനഷ്ടമായ നിക്ഷേപകരെ പിന്തുണച്ച് ആംസ്ട്രോങ്ങും സംഘവും എത്തി. ഇതേത്തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് സുരേഷിന്റെയും ആംസ്ട്രോങ്ങിന്റെയും കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.
ജൂലായ് അഞ്ചിനാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ ആംസ്ട്രോങ് കൊല്ലപ്പെടുന്നത്. രാത്രി ഏഴരയോടെ പെരമ്പൂരിലെ വീട്ടിലേക്കു വാഹനത്തിൽ വരുന്നതിനിടെ സാന്തയപ്പൻ സ്ട്രീറ്റിൽ ആറംഗ സംഘം തടഞ്ഞുനിർത്തി ഇദ്ദേഹത്തെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ഗ്രീംസ് റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് പാർട്ടിപ്രവർത്തകർക്കും വെട്ടേറ്റിരുന്നു.