KeralaNews

റേഡിയോ കോളറുമായി കേരള അതിർത്തിയിൽ മറ്റൊരു ആനയും ; തണ്ണീർക്കൊമ്പനിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉത്തരമേഖല സിസിഎഫ്

മാനന്തവാടി: കേരള വനാതിർത്തിയിൽ റേഡിയോ കോളറുമായി മറ്റൊരു ആനയെ കൂടി കണ്ടെത്തിയതായി ഉത്തര മേഖല സിസിഎഫ് കെഎസ് ദീപ. തണ്ണീർക്കൊമ്പന് പിന്നാലെയാണ് കേരളാ അതിർത്തിയിൽ മറ്റൊരു ആനയെക്കൂടി കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. അതേസമയം തണ്ണീർക്കൊമ്പൻ്റെ കാര്യത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും കർണാടകയിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ വൈകിയതോടെ ആനയുടെ സ്വഭാവവും മറ്റുകാര്യങ്ങളും മനസിലാക്കുന്നതിൽ കാലതാമസം വന്നെന്നും സിസിഎഫ് പറഞ്ഞു.

മയക്കുവെടി വച്ചതിന് പിന്നാലെ തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തുന്ന അഞ്ചംഗ വിദഗ്ധ സമിതി മാനന്തവാടിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതിനിടെ മാധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു ഉത്തര മേഖല സിസിഎഫ്.

കർണാടക വനം വകുപ്പിൽ നിന്ന് തണ്ണീർക്കൊമ്പൻ്റെ റേഡിയോ കോളർ വിവരം ലഭിച്ചത് ആന മാനന്തവാടി നഗരത്തിൽ എത്തി മണിക്കൂറുകൾ പിന്നിട്ടതിന് ശേഷം മാത്രമാണ്. 8:50 ഓടെയാണ് റേഡിയോ കോളർ യൂസർ ഐഡിയും പാസ് വേർഡും കേരളത്തിന് ലഭിക്കുന്നത്. ആനയെ നഗരത്തിൽ നിന്ന് തുരത്താൻ 50 അംഗ വനപാലക സംഘം മണിക്കൂറുകളോളം ശ്രമിച്ചിരുന്നു. കഴിയാത്ത സാഹചര്യം വന്നതോടെയാണ് മയക്കു വെടി വെക്കേണ്ടി വന്നത്.

അപ്രതീക്ഷിതമായിരുന്നു മോഴയാനയായ തണ്ണീർ കൊമ്പന്‍റെ നഗരത്തിലേക്കുള്ള വരവ്. മയക്കുവെടി വെച്ചതും പ്രദേശത്ത് നിന്ന് മാറ്റിയതും ഉചിതമായ സമയത്ത് തന്നെയായിരുന്നു. ആന നിലയുറപ്പിച്ച സ്ഥലത്ത് വെള്ളവും തീറ്റയും ആവശ്യത്തിന് ഉണ്ടായിരുന്നു. ദൗത്യത്തിന് മുമ്പായി ആദ്യം മയക്കുവെടി വെച്ച മൈസൂരിലെ ഡോക്ടറുമായി ആശയവിനിമയം നടത്തിയിരുന്നു.

മയക്കുവെടിയുടെ ഡോസ് കൂടിയതായിരുന്നെങ്കിൽ ഇത്ര നേരം അതിജീവിക്കാൻ ആനക്ക് കഴിയില്ലായിരുന്നു. റേഡിയോ കോളറുമായി പുതിയതായി കണ്ടെത്തിയ ആനയെ കൃത്യമായി നിരീക്ഷിച്ച് വരുന്നതായും ഉത്തര മേഖല സിസിഎഫ് കെഎസ് ദീപ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button