ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ഉണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻ സി എസ്) വ്യക്തമാക്കി. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് ഭൂകമ്പം ഉണ്ടായതെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
അടുത്തിടെയായി നിരവധി ഭൂകമ്പങ്ങളാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി രേഖപ്പെടുത്തിയത്. കഴിഞ്ഞ നവംബർ 28 ന് അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പന കശ്മീർ താഴ്വരയില്‍ ഉടനീളം അനുഭവപ്പെട്ടു. അന്ന് ആളുകൾ വീടുകളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നും ഇറങ്ങിയോടിയെങ്കിലും എവിടേയും വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിരുന്നില്ല.
ഭൂകമ്പ സാധ്യതയുള്ള പ്രദേശമായതിനാല്‍ കശ്മീർ താഴ്‌വരയിൽ ഭൂചലനങ്ങളുണ്ടായേക്കാമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2005 ഒക്ടോബർ 8-നുണ്ടായ ഭൂകമ്പത്തില്‍ ജമ്മു കശ്മീരിലെ നിയന്ത്രണരേഖയുടെ (എൽഒസി) ഇരുവശങ്ങളിലായി 80000-ത്തിലധികം ആളുകൾ മരണപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അന്നുണ്ടായിരുന്നത്. പാക് അധീന കശ്മീരിലെ (പിഒകെ) മുസാഫറാബാദ് പട്ടണം ഏകദേശം പൂർണ്ണമായി തന്നെ അന്ന് തകർന്നു.