KeralaNews

ബാര്‍ കോഴ വിവാദത്തിൽ മലക്കംമറിഞ്ഞ് അനിമോൻ; പണപ്പിരിവ് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്ന് വാട്സ് ആപ്പ് സന്ദേശം

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് ബാര്‍ ഉടമാ നേതാവ് അനിമോൻ. പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനക്ക് കെട്ടിടം വാങ്ങാനെന്നാണ് പുതിയ വിശദീകരണത്തിൽ അനിമോൻ പറയുന്നത്. സംഘടനയിലെ അംഗങ്ങളോട് എന്ന നിലയിലുള്ള ദീര്‍ഘമായ വാട്സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

ഓഡിയോ സർക്കാരിനും എൽഡിഎഫിനും സർക്കാറിനും എതിരെ ആരോപണത്തിന് ഇടയാക്കി. തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. താൻ ഒളിവിലല്ലെന്നും അനിമോൻ വ്യക്തമാക്കി. രണ്ട് ദിവസമായി ഓഫ് ചെയ്തിരുന്ന മൊബൈൽ ഫോണും ഇന്ന് ഓൺ ചെയ്തിട്ടുണ്ട്.

അതേസമയം, ബാർ ഉടമക സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ വാദം ആവർത്തിക്കുന്നതാണ് അനിമോന്റെ വിശദീകരണം. വിശദീകരണം നേതൃത്വവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ആണെന്നാണ് സൂചന.

അനിമോന്റെ കുറിപ്പിങ്ങനെ…

പ്രിയ മെമ്പർമാരെ ഞാൻ അനിമോൻ , എന്റെ അടുത്ത സുഹൃത്തുക്കളും ഞാൻ സ്നേഹിക്കുന്നവരും എന്നെ ഫോണിൽ കിട്ടാത്തതിന്റെ പേരിൽ എന്റെ ബന്ധുജനങ്ങളെ വരെ വിളിച്ചു എന്താണ് സംഭവിച്ചത് എന്ന് തിരക്കുന്നതായിട്ട് ഞാൻ മനസ്സിലാക്കുന്നു അവർക്ക് വേണ്ടി മാത്രമാണ് ഞാൻ ഈ വിശദീകരണം നൽകുന്നത്‌.

ഇന്നലെ നടന്ന യോഗത്തിൽ ഉണ്ടായ കാര്യങ്ങൾ എന്ന് പറഞ്ഞാൽ എല്ലാ ജില്ലകളും ബിൽഡിംഗ് ഫണ്ടിൽ നല്ല രീതിയിൽ സഹകരിച്ചു , ഇടുക്കി ജില്ലയാണ് ഈ വിഷയത്തിൽ തുടക്കം മുതൽ ഏറ്റവും മോശമായ നിലപാട് സ്വീകരിക്കുകയും സഹകരണക്കുറവ് കാണിക്കുന്നതെന്നും ഈ കാര്യങ്ങൾക്കെല്ലാം പ്രധാന കാരണം ഇടുക്കി ജില്ലാ പ്രസിഡന്റ് അനി മോന്റെ നിലപാടാണെന്നും പ്രസിഡന്റ് സുനില് യോഗത്തിൽ പരസ്യമായിട്ട് പറഞ്ഞു വിമർശിക്കുകയുണ്ടായി, തുടക്കം മുതൽ എന്നെ കോർണർ ചെയ്താണ് സംസാരിച്ചത്.

എന്റെ ചില ഹോട്ടലിന്റെ ഒക്കെ തുക കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് ചില ആളുകളുണ്ട് അവര് പറയുന്നതേ പ്രസിഡന്റും ആൾക്കാരും കേൾ ക്കുകയോള്ളൂ. ബഹളം മൂത്തപ്പോൾ ഒരാൾ പോലും എന്റെ കൂടെ ഉണ്ടായില്ല. അന്നേരം ആരോ അതാരാണെന്ന് ഓർമ്മയില്ല ഇത്തരക്കാരെ ഒന്നും സംഘടനയിൽ വെച്ചുകൊണ്ടിരിക്കാൻ പാടില്ല ഇങ്ങനെയുള്ളവരാണ് സംഘടനക്ക് ബാധ്യത ഉണ്ടാക്കുന്നത് എന്ന് പറഞ്ഞതും സുനിലിന് എന്നെ സസ്‌പെൻഡ് ചെയ്യണം എന്നായി.

ആ സമയത്ത് സസ്പെന്ഷൻ ആക്കണ്ട ഡിസ്മിസ്സലായിക്കോട്ടെ എന്ന് പറഞ്ഞു ഞാൻ ഇറങ്ങി പോരുവാണ് ചെയ്തത്.സുനിലൊക്കെ വരുന്നതിന് മുന്പ് ഈ സംഘടനയിൽ വന്ന ആളാണ് ഞാൻ. പല പ്രസിഡന്റുമാരെയും കണ്ടിട്ടുള്ളതാ, പക്ഷേ ഇവര് പല കാര്യങ്ങളും അടിച്ചേപ്പിക്കുകയാണ് ചെയുന്നത്. ഞാൻ എന്നെക്കൊണ്ട് പറ്റുന്നതുപോലെ ആത്മാർഥമായിട്ടാണ് ഇപ്പോഴും നിന്നിട്ടുള്ളത് എന്നാണ് എന്റെ വിശ്വാസം.

എന്നെ ഇന്നലെ അവരെല്ലാം കൂടെ വല്ലാതെ ആക്ഷേപിച്ചു. ഇതിൽ കൂടുതൽ സംഘടനക്ക് എതിരെ പ്രവർത്തിച്ചവരെ അവര് ഒന്നും ചെയ്തിട്ടില്ല , എന്നെ നാണം കെടുത്തിയാ ഇറക്കിവിട്ടത്.ഇതിപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ബുദ്ധിമുട്ടായി എന്നറിയാം എന്റെ അന്നേരത്തെ ഒരു മാനസികാവസ്ഥയിൽ ഞാൻ പറഞ്ഞതാണ്, പക്ഷേ അതിന് ഞാൻ ഉദ്ദേശിച്ച അർത്ഥങ്ങൾ അല്ല വന്നത്. എല്ലാവരും സമയത്ത് പൈസ കൊടക്കാത്തതുകൊണ്ട്, ആധാരം നടത്താൻ കഴിഞ്ഞില്ലെങ്കിൽ സുനിൽ സംഘടനയുടെ ഒരു കാര്യത്തിനും ഇനി ഇറങ്ങുകയില്ല, എന്നു പറഞ്ഞു.

അതൊരു മര്യാദ കെട്ട വർത്താനം ആയിപോയി. കാശു കൊടുക്കാൻ തയ്യാറുള്ളവർ ഗ്രൂപ്പിൽ അറിയിക്കണമെന്നാണ് ഞാൻ പറഞ്ഞത്, കാശു കൊടുക്കുന്നവർ സംഘടനയുടെ അക്കൗണ്ടിൽ അല്ലേ കൊടുക്കുന്നത്, അല്ലാതെ ആരോടും പൈസാ എന്നെ ഏൽപ്പിക്കണം എന്ന് ഞാൻ പറഞ്ഞിട്ടില്ല . ഇനി ആധാരം നടക്കാത്തതിന്റെ പേരിൽ പ്രസിഡന്റ് പിണങ്ങാൻ ഇടവരണ്ട എന്നാണ് വിചാരിച്ചത്.

ഞാൻ അയച്ച മെസ്സേജ് എല്ലാവർക്കും തെറ്റിദ്ധാരണ ഉണ്ടാക്കി എന്നും ബാർ ഹോട്ടൽ നടത്തിപ്പുകാരായ എന്റെ സഹപ്രവർത്തകർക്കു ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും സർക്കാരിനും ഭരണമുന്നണിക്കും എതിരെ ആരോപണം ഉണ്ടാകാൻ ഇടയാക്കി എന്നും, പിന്നീട് ഉണ്ടായ സംഭവങ്ങളിൽ നിന്നു എനിക്ക് മനസ്സിലായി. എന്റെ ആ സമയത്തെ മാനസികാവസ്ഥയിൽ പറഞ്ഞതൊന്നും ഉദ്ദേശിച്ചതു പോലെയായില്ല. എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഞാൻ മൂലം ഉണ്ടായ ബുദ്ധിമുട്ടിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. എന്ന് അനിമോൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button