ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ സെക്രട്ടറിയും എ.കെ. ആന്റണിയുടെ മകനുമായ അനില്‍ കെ. ആന്റണിയെ ബി.ജെ.പി. ദേശീയ വക്താവായി നിയമിച്ചു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് പുതിയ സംഘടനാ ചുമതല നല്‍കിയത്. ദേശീയ സെക്രട്ടറി പദവി വഹിക്കുന്ന അനില്‍, ദേശീയ വക്താവിന്റെ സംഘടനാ ചുമതലകൂടി വഹിക്കുമെന്ന് നഡ്ഡ അറിയിച്ചു.
നേരത്തേ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബി.ജെ.പി.യുടെ ദേശീയ നേതൃത്വത്തില്‍ അഴിച്ചുപണി നടത്തിയതോടെയാണ് അനില്‍ ആന്റണി ദേശീയ സെക്രട്ടറി പദത്തിലെത്തിയത്. കേരളത്തില്‍നിന്നുതന്നെയുള്ള ബി.ജെ.പി. നേതാവായ എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷസ്ഥാനത്ത് തുടരാനും തീരുമാനമുണ്ടായി.
മുന്‍പ് കോണ്‍ഗ്രസിലായിരുന്ന അനില്‍, മോദിക്കെതിരായ ബി.ബി.സി. ഡോക്യുമെന്ററിയെ എതിര്‍ത്തതിന്റെ പേരില്‍ വിവാദത്തിലായതോടെ എല്ലാ പദവികളില്‍നിന്നും രാജിവെച്ചിരുന്നു. പിന്നാലെ കെ. സുരേന്ദ്രനും വി. മുരളീധരനുമൊപ്പം ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.