ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഐടി, വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി(50) തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെല്ലൂര്‍ ജില്ലയിലെ ആത്മകൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആന്ധ്രപ്രദേശ് നിയമസഭയിലെ അംഗമായിരുന്നു ആദ്ദേഹം.
1976 ഡിസംബര്‍ 31-ന് നെല്ലൂര്‍ മാരിപ്പാട് മണ്ഡലത്തിലെ ബ്രാഹ്‌മണപള്ളി ഗ്രാമത്തില്‍ മേകപതി രാജമോഹന്‍ റെഡ്ഡിയുടെയും മണിമഞ്ജരിയുടെയും മകനായാണ് റെഡ്ഡി ജനിച്ചത്. യുകെയിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ടെക്‌സ്‌റ്റൈല്‍സില്‍ എംഎസ്സി ചെയ്തു. 2014-ലും പിന്നീട് 2019-ലും ആത്മകൂരില്‍ നിന്ന് ആദ്യമായി എംഎല്‍എയായി.
2019ല്‍ വൈഎസ്ആര്‍സിപി അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് മന്ത്രിസഭയില്‍ അദ്ദേഹം മന്ത്രിയായി. കെഎംസി ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
മേകപതി ഗൗതം റെഡ്ഡിയുടെ ആകസ്മിക വിയോഗത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി അഗാധമായ ദുഃഖവും രേഖപ്പെടുത്തി. ഗൗതം റെഡ്ഡിയെ തനിക്ക് ആദ്യനാളുകള്‍ മുതല്‍ അറിയാവുന്ന യുവ നേതാവാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, സംഭവത്തില്‍ വേദന രേഖപ്പെടുത്തുകയും തന്റെ കാബിനറ്റ് സഹപ്രവര്‍ത്തകന്റെ നഷ്ടം വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.