ഒരാഴ്ചക്കിടെ മൂന്നാമത്തെ തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു; ഹാജരാകാതെ അനന്യ, വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം
മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാതെ നടി അനന്യ പാണ്ഡെ. ചില വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനന്യ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. ഇതിന് പിന്നാലെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അനന്യയ്ക്ക് വീണ്ടും നോട്ടീസ് അയച്ചു. ഒരാഴ്ചക്കിടെ മൂന്നാമത്തെ തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അനന്യയോട് ആവശ്യപ്പെട്ടത്.
എന്നാല്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് നടി ആവശ്യപ്പെടുകയായിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നുവെങ്കില്‍ ഒരാഴ്ചക്കിടെ എന്‍സിബിയുടെ മുന്നില്‍ എത്തുന്നത് മൂന്നാമത്തെ തവണയാകുമായിരുന്നു. രണ്ടു തവണകളായി ആറുമണിക്കൂറാണ് അനന്യയെ ചോദ്യം ചെയ്തത്.
കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ഫോണിലെ വാട്സ്ആപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് അനന്യയെ ആദ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അനന്യയെ വിളിപ്പിക്കുകയായിരുന്നുവെന്നാണ് എന്‍സിബിയുടെ വിശദീകരണം.
നേരത്തെ അനന്യയുടെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടില്‍ നിന്ന് ചില ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിബി ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെയാണ് നേരത്തെ അനന്യയെ ചോദ്യം ചെയ്തത്. മയക്കുമരുന്ന് വിതരണം ചെയ്തു, ഉപയോഗിച്ചു എന്നി ആരോപണങ്ങള്‍ നടി ചോദ്യം ചെയ്യലില്‍ നിഷേധിച്ചിരുന്നു.