തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയി ഭീഷണിപ്പെടുത്തി. ഒടുവിൽ യുവാവ് കാറിൽ നിന്ന് ഇറങ്ങിയോടി. തമിഴ്നാട് ചെങ്കൽപേട്ട സ്വദേശി ബാലരാമപുരത്ത് താമസിക്കുന്ന ശിവ സുകുമാറാണ് (28) ആനയറയിലെ പമ്പിൽ നിന്ന് രാത്രി 9ഓടെ രക്ഷപ്പെട്ടത്. ഞായർ രാവിലെ 10ഓടെ അഞ്ചംഗ സംഘം ബാലരാമപുരത്തെ ശിവയുടെ വീട്ടിലെത്തിയാണ് കാറിൽ കയറ്റികൊണ്ടുപോയത്. അഞ്ചുപേരെയും പേട്ട പൊലീസ് പിന്തുടർന്ന് പിടികൂടി.
പൊലീസ് പറയുന്നത്: ശിവയും അഞ്ചംഗ സംഘവും ചെന്നൈ ചെങ്കൽപേട്ട സ്വദേശികളും പരിചയക്കാരുമാണ്. ശിവ കല്യാണത്തിനായി തന്റെ ഫോർഡ് ഫിയസ്റ്റ കാർ പണയപ്പെടുത്തി ഇവരിൽ നിന്ന് ഒന്നര ലക്ഷം രൂപ വാങ്ങിയിരുന്നു. പലവട്ടം പണം തിരികെ ചോദിച്ചെങ്കിലും ഇയാൾ കൊടുത്തിരുന്നില്ല. ഇവരുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ഞായർ രാവിലെ അഞ്ചംഗ സംഘം കന്യാകുമാരിക്ക് സമീപം കല്യാണത്തിൽ പങ്കെടുത്ത ശേഷം ശിവയുടെ ബാലരാമപുരത്തെ വീട്ടിലെത്തി. ഒന്ന് കറങ്ങി വരാമെന്ന് പറഞ്ഞാണ് ശിവയെ കാറിൽ കയറ്റികൊണ്ടുപോയത്. വർക്കലയിലെത്തിയ സംഘം കടലിൽ കുളിച്ചു. തിരികെ വരുന്ന വഴി മദ്യപിച്ച സംഘത്തിലെ ചിലർ പ്രകോപിതരാകുകയും ശിവയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതോടെയാണ് ആനയറയിലെ പമ്പിൽ പെട്രോളടിക്കാൻ കാർ നിറുത്തിയപ്പോൾ ശിവ ഇറങ്ങിയോടിയത്.
ഇതിനിടെ മരുമകനെ തട്ടിക്കൊണ്ടുപോയെന്ന് ശിവയുടെ ഭാര്യാമാതാവ് നൽകിയ പരാതിയെ തുടർന്ന് വയർലെസ് സെറ്റുവഴി സംഘം വന്ന സ്വിഫ്റ്റ് ഡിസയർ കാറിന്റെ വിവരം എല്ലാ സ്റ്റേഷനിലേക്കും നൽകിയിരുന്നു. രക്ഷപ്പെട്ട ശിവയെ അഞ്ചംഗ സംഘം കാറിൽ പിന്തുടരുമ്പോഴാണ് കാർ ശ്രദ്ധയിൽപ്പെട്ട പേട്ട പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടിയത്.
താൻ സീരിയൽ,സിനിമാ രംഗത്ത് കാമറാമാനും നടനുമാണെന്ന് ശിവ പൊലീസിനോട് പറഞ്ഞു. അഞ്ചുപേരിൽ ഒരാൾ സോഫ്റ്റ്വെയർ എൻജിനിയറും മറ്റൊരാൾ ആർകിടെക്ടുമാണ്. പണം തിരികെ കിട്ടാൻ വെറുതെ ഭയപ്പെടുത്താൻ ശ്രമിച്ചതാണെന്ന് അഞ്ചംഗ സംഘം പറയുന്നു. അതേസമയം പരാതിയില്ലെന്ന് ശിവ പൊലീസിനോട് വ്യക്തമാക്കി.