ഛത്തീസ്‌ഗഢ്: വയലിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിന് രാത്രിയില്‍ മൊത്തം കാവലിരുന്ന് നായ(Dog). പ്രദേശവാസികളെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തും വരെ നായയാണ് കുഞ്ഞിന് കൂട്ടിരുന്നത്. നായയുടെ കുഞ്ഞുങ്ങൾക്കൊപ്പമാണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞും രാത്രിയിൽ കഴിഞ്ഞത്.
വിവിധ റിപ്പോർട്ടുകൾ പ്രകാരം മുംഗേലി ജില്ലയിലെ ലോർമിയിലെ സരിസ്റ്റൽ ഗ്രാമത്തിലെ ഒരു വയലിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ചിരിക്കുന്നത്. പൊക്കിൾക്കൊടിയോട് കൂടി, വസ്ത്രം പോലും ധരിപ്പിക്കാതെയാണ് കുട്ടിയെ ഉപേക്ഷിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് ഗ്രാമവാസികൾ കുഞ്ഞിനടുത്തെത്തിയത്. ആ സമയത്ത് തെരുവ് നായ്ക്കൾ സമീപത്ത് അലഞ്ഞുതിരിയുന്നത് കണ്ടു. എന്നാൽ, രാത്രിയിൽ ഒരു അമ്മനായ കുഞ്ഞിനെ സംരക്ഷിക്കുകയായിരുന്നു എന്നും അവർ മനസ്സിലാക്കി. കുഞ്ഞിനു സമീപം ആ നായയുടെ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, കുഞ്ഞിന് പരിക്കുകളൊന്നും തന്നെ ഏറ്റിട്ടില്ല.
മൃഗങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന എൻജിഒ ആയ ജീവ് ആശ്രയ, നവജാതശിശുവിന്റെ മൂന്ന് ചിത്രങ്ങൾ സഹിതം ഫേസ്ബുക്ക് പേജിൽ വാർത്ത പങ്കുവെച്ചതിന് പിന്നാലെ സംഭവം സോഷ്യൽ മീഡിയയിൽ ചര്‍ച്ചായായി. കുഞ്ഞിന്റെ കുടുംബത്തെ കണ്ടെത്തി ശക്തമായ ശിക്ഷ നൽകണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ ചിത്രങ്ങളോടൊപ്പം ഇങ്ങനെ എഴുതിയിരുന്നു: ‘മനുഷ്യനേക്കാൾ ദശലക്ഷക്കണക്കിന് മടങ്ങ് നല്ലത്. ഛത്തീസ്ഗഡിലെ മുംഗേലിയിൽ നടന്ന സംഭവം വിശ്വസിക്കാൻ പ്രയാസമാണ്. മാതാപിതാക്കൾ നവജാതശിശുവിനെ ഉപേക്ഷിച്ചു. സമീപത്ത് ഒരു നായയുടെ രൂപത്തിൽ മറ്റൊരു അമ്മ ഉണ്ടായിരുന്നു. ഗ്രാമവാസികൾ രാവിലെ പെൺകുഞ്ഞിനെ കണ്ടെത്തിയപ്പോൾ അവളുടെ മേൽ ഒരു പോറൽ പോലും ഉണ്ടായിരുന്നില്ല, മനുഷ്യത്വവും ക്രൂരതയും തമ്മിലുള്ള വ്യത്യാസം അവർ മനസ്സിലാക്കുന്നുണ്ടോ?’
എഎസ്‌ഐ ചിന്താറാം ബിൻജ്‌വാർ ടാസ്‌ക് ഫോഴ്‌സ് സംഘവുമായി ലോർമി ഗ്രാമത്തിലെ വയലിൽ എത്തിയ ശേഷം കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ ‘ദ ചൈൽഡ് ലൈൻ പ്രോജക്ടി’ലേക്ക് റഫർ ചെയ്യുകയും ആകാൻക്ഷ എന്ന് പേര് നൽകുകയും ചെയ്തു. അതേസമയം, നവജാത ശിശുവിന്റെ കുടുംബത്തിനായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.
പ്രാദേശിക സർപഞ്ച് പ്രതിനിധി മൂന്നലാൽ പട്ടേൽ ഇടിവി ഭാരതിനോട് പറഞ്ഞു, ‘ഞങ്ങൾ ജോലിക്കായി പുറത്തിറങ്ങിയതായിരുന്നു. രാവിലെ 11 മണിയോടെ ഗ്രാമത്തിൽ ഒരു നവജാത ശിശു നായ്ക്കൾക്കിടയിൽ കിടക്കുന്നതായി ഞങ്ങൾ കണ്ടു. തുടർന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു. അതിനുശേഷം നവജാതശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.’