ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്
കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009 ൽ വിവാഹം വേർപിരിഞ്ഞത് മുതൽ ബാല തന്റെ മുൻ ഭാര്യയായ അമൃത സുരേഷിനെതിരെ പൊതു ഇടങ്ങളിലെല്ലാം ആക്ഷേപം ഉയർത്തിയിട്ടുണ്ട്. തന്റെ മകളെ കാണാൻ അമൃതയും കുടുംബവും അനുവദിക്കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം. അച്ഛനെന്ന നിലയിൽ തന്റെ അവകാശം അമൃതയും കുടുംബവും നിഷേധിക്കുന്നുവെന്നും ബാല ആരോപിച്ചിട്ടുണ്ട്.
മാത്രമല്ല അമൃതയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പല പരാമർശങ്ങളും ബാലയിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഈ ഘട്ടങ്ങളിൽ ഒരിക്കൽ പോലും ബാലയ്ക്കും തനിക്കും ഇടയിൽ സംഭവിച്ചതെന്തെന്ന് വെളുപ്പെടുത്താനോ ബാലയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാനോ അമൃതയോ കുടുംബമോ കൂട്ടാക്കിയിരുന്നില്ല. എന്നാൽ അടുത്തിടെ വീണ്ടും ബാല അമൃതയ്ക്കെതിരെ ഒരു അഭിമുഖത്തിലൂടെ രംഗത്തെത്തി. പഴയ ആരോപണങ്ങൾ അതുപോലെ ആവർത്തിച്ചു.
എന്നാൽ ഇതിന് മറുപടിയുമായി എത്തിയത് ബാലയുടെ മകൾ അവന്തിക തന്നെയായിരുന്നു. ബാല പറയുന്ന ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്നും തനിക്ക് അദ്ദേഹത്തെ കാണാൻ ഇഷ്ടമല്ലെന്നും മകൾ തുറന്നടിച്ചു. തന്നേയും അമ്മയേയും വളരെ അധികം ദ്രോഹിച്ചിട്ടുള്ള വ്യക്തിയാണ് ഈ പറയുന്നയാൾ എന്നും മകൾ പറഞ്ഞു.
അവന്തികയ്ക്ക് പിന്നാലെ അമൃതയും മാധ്യമങ്ങൾക്ക് മുൻപിലെത്തി ബാലയ്ക്കെതിരെ തുറന്നടിച്ചു. ശാരീരികമായുള്ള ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ ബാലയിൽ നിന്നും ഓടി രക്ഷപ്പെട്ടതെന്നായിരുന്നു അമൃതയുടെ വെളിപ്പെടുത്തൽ. തനിക്ക് മുൻപ് ബാല മറ്റൊരാളെ വിവാഹം കഴിച്ചിരുന്നുവെന്നും അത് മറച്ചുവെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും അമൃത പറഞ്ഞു. അതേസമയം അമൃത അനുഭവിച്ചതിനെ കുറിച്ച് നേരിട്ട് അറിയാവുന്ന പലരും ഇതിന് പിന്നാലെ ബാലയ്ക്കെതിരെ പരസ്യമായി രംഗത്തെത്തി. ഇതിലൊരാൾ അമൃതയുടെ സുഹൃത്തായ കുക്കു എനേലയായിരുന്നു.
അമൃതയെ പോലെ തന്നെയാണ് ബാല മൂന്നാമത് വിവാഹം കഴിച്ച എലിസബത്ത് എന്നും ബാലയുടെ പീഡനം സഹിക്കവയ്യാതെയാണ് അവരും ബാലയെ വിട്ട് പോയതെന്നും കുക്കു ആരോപിച്ചു. പല തവണ എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.മറ്റൊരു സുഹൃത്തായ ചെമ്പൻ സ്റ്റീഫൻ പറഞ്ഞത് ബാല ഇപ്പോൾ മറ്റൊരാളുമായി ലിവ് ഇൻ ടുഗേദറിൽ ആണെന്നാണ്.
ഇതോടെ ആർക്കൊപ്പമാണ് ബാല ഇപ്പോൾ കഴിയുന്നതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. ബാലയുടെ അമ്മാവന്റെ മകൾ കോകിലയെ അടുത്തിടെ പല വീഡിയോകളിലും ആരാധകർ കണ്ടിരുന്നു. ഇതോടെ അവരെ കുറിച്ച് ചോദ്യമുയർന്നിരുന്നു. അതോടൊപ്പം തന്നെ ബാലയുടെ 240 കോടിയോളം വരുന്ന സ്വത്തുക്കളുടെ അന്തരാവകാശി ആരാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
നേരത്തേ വിവാഹമോചന സമയത്ത് സ്വത്തുക്കളുടെ വലിയ പങ്കും കൊടുത്തതായി ബാല അവകാശപ്പെട്ടിരുന്നു. എന്നാൽ താൻ ജീവനാംശം വാങ്ങിയിട്ടില്ലെന്നാണ് അമൃത സുരേഷ് വെളിപ്പെടുത്തിയത്. നഷ്ടപരിഹാരം ചോദിച്ചിരുന്നുവെന്നും എന്നാൽ ഒരിക്കൽ കോടതിയിൽ വെച്ച് മകളെ വലിച്ചിഴച്ച് കൊണ്ട് പോയ സംഭവം ഉണ്ടായതോടെ പിന്നീട് നഷ്ടപരിഹാരം വേണ്ടെന്ന് താൻ ആവശ്യപ്പെട്ടെന്നായിരുന്നു നടി വെളിപ്പെടുത്തിയത്.