
കൊച്ചി:അമ്മ ലിവി സുരേഷ് അന്തരിച്ച വിവരം ഇന്ന് രാവിലെയാണ് സംവിധായകൻ ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗോപി സുന്ദർ വിയോഗ വാർത്ത അറിയിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന് ആശ്വാസവാക്കുകളുമായി എത്തിയത്. ഇതോടൊപ്പം അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ആദരാഞ്ജലിയർപ്പിച്ചിരിക്കുകയാണ് ഗോപി സുന്ദറിന്റെ മുൻ പങ്കാളികളായ അഭയ ഹിരൺമയിയും അമൃത സുരേഷും.
തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഗോപി സുന്ദറിനോടും അമ്മയും ഉൾപ്പെടെ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഗോപി സുന്ദറിനെ ആശ്വസിപ്പിക്കുന്ന കുറിപ്പാണ് ഗായിക അഭയ ഹിരൺമയി പങ്കുവച്ചത്. ‘നിങ്ങളുെട സംഗീത പാരമ്പര്യം എനിക്കറിയാം. അമ്മയിലൂടെ നിങ്ങൾ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിലൂടെ തുടങ്ങിയതാണ് നിങ്ങളുടെ സംഗീതയാത്ര. അമ്മ എന്നും നിങ്ങളുടെ വഴികാട്ടിയാകട്ടെ. അമ്മയുടെ വിയോഗം ഉണ്ടാക്കിയ വേദനയിൽ നിന്നുള്ള മോചനത്തിനായി ഈ പ്രപഞ്ചം നിങ്ങൾക്ക് ശക്തി തരട്ടെ ഏട്ടാ… അമ്മയിലൂടെ നിങ്ങൾ ആ വേദനകളെ മറക്കും’- അഭയ കുറിച്ചു.
അമ്മയോടൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം ആദരാഞ്ജലികൾ നേർന്ന് ഇൻസ്റ്റഗ്രാം സ്‌റ്റോറിയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. സ്‌റ്റോറിയിൽ ഗോപി സുന്ദറിനെ ടാഗ് ചെയ്തിട്ടുമുണ്ട്. അമ്മ തനിക്കൊപ്പമുണ്ട് എന്നറിയാമെന്നാണ് ഗോപി സുന്ദർ പോസ്റ്റിൽ കുറിച്ചത്.
‘എനിക്ക് എന്റെ ജീവിതം നൽകിയത് അമ്മയാണ്. സ്വന്തം സ്വപ്നത്തെ പിന്തുടരാനുള്ള ധൈര്യവും സ്നേഹവും അമ്മ എനിക്ക് നൽകി. എന്റെ ഓരോ സംഗീതത്തിലും അമ്മയെക്കുറിച്ചുള്ള സ്നേഹം ഉണ്ട്. അമ്മ എവിടെയും പോയിട്ടില്ല. എന്റെ ഹൃദയത്തിലുണ്ട്. എന്റെ ഗാനങ്ങളിൽ ഉണ്ട്. ഉറങ്ങുമ്പോഴും ഉണരുമ്പോഴും എനിക്കൊപ്പമുണ്ട്.
അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അമ്മ ഇപ്പോഴും എനിക്കൊപ്പമുണ്ടെന്ന് അറിയാം. അമ്മ എനിക്ക് എപ്പോഴും കരുത്ത് നൽകി മുന്നോട്ട് പോകുന്നതിനുള്ള വെളിച്ചമാണ്’- ഗോപി സുന്ദർ കുറിച്ചു.