സര്‍വ്വനാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്,മരണം 72,ബംഗാളിന് മാത്രം ഒരു ലക്ഷം കോടിയുടെ നഷ്ടം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലും ഒഡിഷ തീരത്തുമായി ദുരന്തം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ മാത്രം 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ മാത്രം മരണം 15 ആയി. വീട് തകര്‍ന്നുവീണും, വീടിന് മുകളില്‍ മരണം വീണും, തകര്‍ന്നുവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങളുണ്ടായതെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.

ഇങ്ങനെയൊരു ദുരന്തം എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. ഇത് സര്‍വനാശമായിരുന്നു. പ്രകൃതിയുടെ താണ്ഡവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പശ്ചിമബംഗാള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി സംസ്ഥാനത്തിന് വേണ്ട സഹായധനം നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചിരുന്നു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു”, മമതാ ബാനര്‍ജി പറഞ്ഞു. ഒരു ലക്ഷം കോടിയുടെ നഷ്ടമെങ്കിലും ഉംപുണ്‍ വീശിയടിച്ചതിലൂടെ സംസ്ഥാനത്തിന് ഉണ്ടായെന്നാണ് കണക്കുകൂട്ടല്‍. കൊവിഡിനേക്കാള്‍ ഭീതിദമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും മമതാ ബാനര്‍ജി പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്കെല്ലാം രണ്ടരലക്ഷം രൂപ വീതം സഹായധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൊവിഡ് ഭീതിക്കിടെ വന്ന ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടമാണ് സംസ്ഥാനത്തെമ്പാടും ഉണ്ടായത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹസ്‌നാബാദ് – ഹിന്‍ഗള്‍ഗഞ്ജ് മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ഈ പ്രദേശത്തെ ഇച്ഛാമതി നദിക്കരയിലുള്ള എല്ലാ വീടുകളും ഒഴുകിപ്പോയി. 50 ഗ്രാമങ്ങളില്‍ വെള്ളം കയറി. ആയിരക്കണക്കിന് പേര്‍ ഭവനരഹിതരായി. മിക്കവരെയും ക്യാമ്പുകളിലേക്ക് മാറ്റാന്‍ പോലുമായില്ല. റോഡുകള്‍ വെള്ളം കയറി തകര്‍ന്നതിനാല്‍ നിരവധിപ്പേര്‍ നിരത്തുകളിലാണ്.

അഞ്ച് ലക്ഷം പേരെ ഒഴിപ്പിച്ചതായും എന്നാല്‍ സംസ്ഥാനസര്‍ക്കാരിന് ഈ ചുഴലിക്കാറ്റിന്റെ ശരിയായ രീതിയിലുള്ള പ്രത്യാഘാതം തിരിച്ചറിയാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴ തുടരുന്നതിനാല്‍ വെള്ളം കയറിയ പല മേഖലകളിലും എത്തിപ്പെടുന്നത് ബുദ്ധിമുട്ടാണ്.

പശ്ചിമബംഗാളില്‍ നാശനഷ്ടങ്ങള്‍ ഭീതിദമാം വിധം ഉയര്‍ന്നതാണെന്ന് ഗവര്‍ണര്‍ ജയ്ദീപ് ധന്‍കര്‍ പറഞ്ഞു. ”സംസ്ഥാനത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം താറുമാറായിരിക്കുകയാണ്. സര്‍വീസ് പ്രൊവൈഡര്‍മാരോട് എത്രയും പെട്ടെന്ന് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശയവിനിമയം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കപ്പെടേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട് കാത്തിരിക്കുന്നു”, എന്ന് ഗവര്‍ണര്‍ ജയ്ദീപ് ധന്‍കര്‍.

ഇന്നലെ വൈകിട്ടോടെയാണ് ഉംപുണ്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍സിനടുത്ത് തീരം തൊട്ടത്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ വന്‍നാശം വിതച്ചുകൊണ്ട് കടന്നുപോയ ചുഴലിക്കാറ്റ്, ഇപ്പോള്‍ ബംഗ്ലാദേശിലെത്തിയെന്നും, തീവ്രത കുറഞ്ഞെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കൊല്‍ക്കത്തയില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ കടപുഴകുന്നതും, ദുര്‍ബലമായ കെട്ടിടങ്ങള്‍ നിലം പൊത്തുന്നതും കണ്ടു. കൊല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടെങ്കിലും വെള്ളം കയറി. വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ബംഗ്ലാദേശില്‍ ഉംപുണ്‍ വീശിയടിച്ച് ഉണ്ടായ നാശനഷ്ടങ്ങളില്‍ മരിച്ചത് പത്ത് പേരാണ്. ബംഗ്ലാദേശില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ആഞ്ഞടിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഉംപുണ്‍. 2007-ല്‍ ബംഗ്ലാദേശില്‍ ആഞ്ഞടിച്ച സിദ്ര്‍ ചുഴലിക്കാറ്റില്‍ മരിച്ചത് 3500 പേരാണ്. 1999-ല്‍ ഒഡിഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരിച്ചത് പതിനായിരത്തോളം പേരും.

എന്നാല്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെയും എന്‍ഡിആര്‍എഫിന്റെയും, സംസ്ഥാനദുരന്തനിവാരണ അതോറിറ്റിയുടെയും കൃത്യമായ മുന്നറിയിപ്പും മുന്നൊരുക്കങ്ങളുമാണ് മരണസംഖ്യ കുറച്ചതെന്ന് എന്‍ഡിആര്‍എഫ് അവകാശപ്പെട്ടു. ഒഡിഷ 24 മണിക്കൂറിനകം സാധാരണനിലയിലേക്ക് എത്തും.

അടുത്ത രണ്ട് ദിവസം ബംഗ്ലാദേശില്‍ കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിലവില്‍ കോക്‌സ് ബസാറടക്കം നിരവധി ഇടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. എട്ട് ലക്ഷത്തി അമ്പതിനായിരത്തോളം രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോക്‌സ് ബസാറിലുണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ ചെറിയ ദുരന്തമാകില്ല വരുത്തിവയ്ക്കുക എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മഴ കൂടി കനക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News