
കോഴിക്കോട്: മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂരിന് സമീപം ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്ന ( 38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ 13 ദിവസം മുൻപാണ് മെഡിക്കൽ കോളേജിൽ പനിയും കാലുകൾക്ക് നേരിയ വീക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ മസ്തിഷ്ക ജ്വരമാണ് പിടിപെട്ടതെന്ന് കണ്ടെത്തി. എന്നാൽ രോഗം മൂർച്ഛിച്ചു മരണം സംഭവിക്കുകയായിരുന്നു. കുറ്റിക്കാട്ടൂരിന് സമീപം ടൈലറിങ് സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ആളാണ് ജിസ്ന.വിവരമറിഞ്ഞ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിസരത്തെ കിണറുകളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. രോഗംപിടിപെട്ടത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഫെബ്രുവരി 23-ന് കോഴിക്കോട് ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി സ്വദേശിയായ 39-കാരി മരിച്ചിരുന്നു. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിൽ ആയിരുന്നു.