
കൊച്ചി: അഭിനേതാക്കള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’. സമരതീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതിലും ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കുന്നു.
ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജുപിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ്കുമാര്‍, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെ ‘അമ്മ’ ഓഫീസില്‍ എത്തിയിരുന്നു. പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക യോഗം വിളിച്ച് ചേര്‍ത്തത്. കൊച്ചിയിലുള്ള താരങ്ങളോടെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരയോഗം വിളിച്ച് ചേര്‍ത്തത്.
പ്രതിഫലം തവണകളായി നല്‍കുന്നത് സംബന്ധിച്ച് ചില നിബന്ധനകള്‍ നിര്‍മാതാക്കളുടെ സംഘടന മുന്നോട്ട് വെച്ചിരുന്നു. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ക്കോ നിലപാട് മയപ്പെടുത്തുന്നതിനോ ‘അമ്മ’ തയാറാകുമോ എന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
തിങ്കളാഴ്ച ഉച്ചക്ക് ശേഷം നിര്‍മാതാക്കളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരും. ‘അമ്മ’ യോഗത്തിലെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത തീരുമാനത്തിലേക്ക് കടക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായേക്കും.
എന്നാല്‍, യോഗത്തില്‍ പങ്കെടുക്കുന്നതിനായി ആന്റണി പെരുമ്പാവൂര്‍ എത്തില്ലായെന്നാണ് വിവരം. നിര്‍മാതാവ് സുരേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഒരു മേശക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ചര്‍ച്ച ചെയ്താല്‍ തീരാവുന്നതേയുള്ളൂ ഇപ്പോഴത്തെ പ്രശ്‌നമെന്നാണ് കഴിഞ്ഞ ദിവസം ലിസ്റ്റിന്‍ സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ആന്റണി പെരുമ്പാവൂര്‍ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതോടെ സംഘടന കൂടുതല്‍ പ്രതിസന്ധിയിലേക്കാവുകയാണ്.