കോഴിക്കോട്: മണ്ണാർക്കാട് മുക്കണ്ണത്തു വെച്ച് പന്നി കുറുകെ ചാടി പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കോങ്ങാട് ചെറായ സ്വദേശി രതീഷ്(32) ആണ് മരിച്ചത്. രതീഷിന്റെ ബന്ധു സുരേഷ്, മണ്ണാർക്കാട് സ്വദേശിയായ ആംബുലൻസ് ഡ്രൈവർ എന്നിവർക്കാണ് പരുക്കേറ്റത്.
വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മണ്ണാർക്കാട് ഒരു കടയിൽ ജോലി ചെയ്യുന്ന രതീഷ് കടയടച്ച് കോങ്ങാട് ചെറായയിലുള്ള വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെ മുക്കണ്ണം നിസ്കാര പള്ളിക്ക് സമീപം വച്ച് പന്നി കുറുകെ ചാടുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രോഗി അതീവ ഗുരുതരാസ്ഥയിലായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് രാമനാട്ടുകരയിൽ വെച്ച് ആംബുലൻസ് മറിഞ്ഞത്.
മരിച്ച രതീഷിന്റെ ഭാര്യ സുമിത്ര. കോങ്ങാട് പഞ്ചായത്ത് ഹരിത കർമ്മ സേനാംഗമാണ്. രണ്ട് മക്കളുണ്ട്. മുക്കണ്ണത്ത് ഇതേ സ്ഥലത്ത് ഒരാഴ്ച മുമ്പു പന്നി കുറുകെ ചാടി ഒരാൾ മരിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.