ഛണ്ഡീഗഢ്: ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. രാജിക്കത്ത് പഞ്ചാബ് ഗവർണർക്ക് കൈമാറി.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അമരീന്ദർ നേരത്തെ ടെലിഫോണിൽ ആശയവിനിമയം നടത്തിയിരുന്നു. മൂന്നാം തവണയാണ് താൻ പാർട്ടിയിൽ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദർ സോണിയയെ അറിയിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.
അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. ഇതിൽ നാല് മന്ത്രിമാരും ഉൾപ്പെടുന്നു. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.117 അംഗ നിയമസഭയിൽ 80 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. ഇതിൽ 78 പേരുടെ പിന്തുണ സിദ്ദുവിനുണ്ടെന്ന് നേരത്തെതന്നെ സിദ്ദു അനുകൂലികൾ അവകാശപ്പെട്ടിരുന്നു.