അല്ലു അർജുന്‍റെ മകൾ അർഹ സിനിമയിലേക്ക്; അരങ്ങേറ്റം സാമന്തക്കൊപ്പം ശാകുന്തളത്തിൽ
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്‍റെ മകൾ അർഹ സാമൂഹികമാധ്യമങ്ങളിലെ താരമാണ്. നാലു വയസ്സുകാരിയായ മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മകൾ അഭിനയത്തിലേക്ക് ചുവടുവയ്ക്കുകയാണെന്ന് അല്ലു അർജുൻ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. അല്ലു കുടുംബത്തിലെ നാലാം തലമുറയിൽ നിന്നും ഒരാൾ സിനിമയിൽ എത്തുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നു എന്നാണ് താരം കുറിച്ചത്.
സാമന്ത അക്കിനേനി നായികയായി എത്തുന്ന ശാകുന്തളം എന്ന ചിത്രത്തിലാകും അർഹ അഭിനയിക്കുന്നത്. ഭരത രാജകുമാരിയുടെ വേഷത്തിലാകും അർഹയുടെ അരങ്ങേറ്റം. ഗുണശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രുദ്രമാദേവി എന്ന ഹിറ്റ് ചിത്രത്തിൽ ഗുണശേഖറും അല്ലു അർജുനും ഒരുമിച്ചിരുന്നു. അർജുൻ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഫോട്ടോകൾ കണ്ട് ഗുണശേഖറും നിർമാതാക്കളും അർഹയെ അഭിനയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അല്ലു രാമലിംഗ, അല്ലു അരവിന്ദ് , അല്ലു അർജുൻ എന്നിവരുടെ നാലാം തറമുറയെ സിനിമയിലേക്ക് ക്ഷണിക്കുന്നു എന്നാണ് ശാകുന്തളം ടീം അർഹയെ സ്വാഗതം ചെയ്തുകൊണ്ട് ഇട്ട പോസ്റ്റ്.
ശകുന്തളയുടെയും ദുഷ്യന്തന്‍റെയും കഥ തന്നെയാണ് ചിത്രത്തിലെ പ്രമേയം. സൂഫിയും സുജാതയും എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്. അദിതി ബാലൻ, മോഹൻബാബു, മൽഹോത്രം ശിവ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഹൈദരാബാദിൽ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ശേഖർ.വി.ജോസഫ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. മണി ശർമ്മയാണ് സംഗീത സംവിധാനം.