NationalNews

അഭിഭാഷകരുടെയും ന്യായാധിപൻമാരുടെയും കൂറ് ഭരണഘടനയോടായിരിക്കണം: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

നാ​ഗ്പുർ: എല്ലാവര്‍ക്കും പ്രത്യേക രാഷ്ട്രീയ ആശയങ്ങളോട് പ്രതിപത്തിയുണ്ടാകാമെങ്കിലും അഭിഭാഷകരുടെയും ന്യായാധിപന്‍മാരുടെയും കൂറ് ഭരണഘടനയോടായിരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അഭിഭാഷകരുടെയും ന്യായാധിപൻമാരുടെയും പ്രതിബദ്ധത ഏതെങ്കിലും പ്രത്യേക പക്ഷത്തോട് ആയിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നാഗ്പുർ ഹൈക്കോടതി ബാർ അസോസിയേഷൻ്റെ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിലും വിധിന്യായങ്ങളിലും അഭിപ്രായം പറയുന്ന അഭിഭാഷകരുടെ പ്രവണത തന്നെ അസ്വസ്ഥനാക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങളുടെ പരിശീലനവും അനുഭവപരിചയവുമുള്ള അഭിഭാഷകർ, കോടതി വ്യവഹാരങ്ങളോട് പ്രതികരിക്കുമ്പോൾ തങ്ങൾ സാധാരണക്കാരായ ജനങ്ങളല്ലെന്ന തിരിച്ചറിവ് വേണം.

മാധ്യമങ്ങളിലൂടെയും പൊതു പ്രഭാഷണങ്ങളിലൂടെയും കോടതിയുടെ വിധിന്യായങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിൽ ബാർ അസോസിയേഷൻ അം​ഗങ്ങൾ മധ്യവർത്തിയായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ അന്തസ്സ് നിലനിർത്തണമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികളെയും അംഗങ്ങളെയും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജുഡീഷ്യറിയിലും ബാർ അസോസിയേഷനുകളിലും സ്ത്രീ പ്രാതിനിധ്യം വർധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദശകങ്ങളായി രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്ന വനിതാ അഭിഭാഷകരുടെ എണ്ണം കൂടിയിട്ടുണ്ട്. സുപ്രീംകോടതിയിലോ ഹൈക്കോടതികളിലോ പ്രവേശിക്കുമ്പോൾ പുരുഷൻമാർ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പുരുഷ അഭിഭാഷകർ സുരക്ഷാ പരിശോധനകൾക്കായി ക്യൂവിൽ നിൽക്കുമ്പോൾ വനിതാ അഭിഭാഷകർ അതിവേ​ഗം പരിശോധനകൾ പൂർത്തിയാക്കിയ കാലം പല വനിതാ അഭിഭാഷകരും ഓർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker