ജയ്പുര്‍: 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ശക്തമായ തിരിച്ചടിയേറ്റു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 112 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് രാജസ്ഥാന് തിരിച്ചടി കിട്ടിയത്. ശേഷിക്കുന്ന മത്സരത്തില്‍ വിജയിച്ചാലും ടീമിന് പ്ലേ ഓഫിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുചെയ്ത രാജസ്ഥാന്‍ 10.3 ഓവറില്‍ വെറും 59 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ഒരു റെക്കോഡും രാജസ്ഥാന് സ്വന്തമായി. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ ടീം ടോട്ടല്‍ എന്ന നാണംകെട്ട റെക്കോഡാണ് രാജസ്ഥാനെത്തേടിയെത്തിയത്.
ഐ.പി.എല്ലിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം ടോട്ടലിന്റെ റെക്കോഡും രാജസ്ഥാന്റെ പേരില്‍ത്തന്നെയാണ്. 2009-ല്‍ രാജസ്ഥാന്‍ 59 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അന്നും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തന്നെയാണ് ടീമിനെ ചെറിയ സ്‌കോറിലൊതുക്കിയത് എന്നതാണ് മറ്റൊരു പ്രത്യേകത.
ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ ഇപ്പോഴും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കൈയ്യിലാണ്. 2017-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടീം വെറും 49 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.