ആലിയ ഭട്ടിന് കുഞ്ഞ് പിറന്നു, ആശംസകളുമായി താരലോകം
ആരാധകരുടെ പ്രിയ താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും. ആലിയ ഭട്ടിന്റെയും രണ്‍ബിര്‍ കപൂറിന്റെയും വിവാഹം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ കപൂര്‍ കുടുംബത്തിനൊപ്പം ആരാധകരും കണ്‍മണിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും വിവാഹിതരായത്. തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന വിവരം ഇരുവരും തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. ഇരുവരും അഭിനയിച്ച് ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ‘ബ്രഹ്‍മാസ്‍ത്ര’യുടെ പ്രമോഷണനായി നിറവയറോടെ ആലിയ ഭട്ട് എത്തിയതും വാര്‍ത്തയായിരുന്നു. ആലിയ ഭട്ട് രണ്‍ബിര്‍ കപൂറിനുമൊപ്പം ഇന്ന് രാവിലെ ഗിര്‍ഗാവോനിലെ എൻ എച്ച് റിലയൻസ് ആശുപത്രിയില്‍ എത്തിയ വാര്‍ത്ത പുറത്തുവന്നതുതൊട്ടേ സുഹൃത്തുക്കളടക്കം ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.
ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച ‘ബ്രഹ്‍മാസ്‍ത്ര’ സംവിധാനം ചെയ്‍തത് അയൻ മുഖര്‍ജിയാണ്. ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നു. ബോക്സ് ഓഫീസ് കളക്ഷനില്‍ ‘ബ്രഹ്‍മാസ്‍ത്ര’ സമീപകാല ബോളിവുഡ് ചിത്രങ്ങളെയെല്ലാം മറികടന്നിരുന്നു.
ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തിയത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. അമിതാഭ് ബച്ചൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ ‘ബ്രഹ്‍മാസ്‍ത്ര’ അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രത്തിന്റെ ആദ്യ ഭാഗം എത്തിയത് ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ’ എന്ന പേരിലാണ്. വിസ്‍മയിപ്പിക്കുന്ന ഒരു തിയറ്റര്‍ കാഴ്‍ചയായിരുന്നു ബ്രഹ്‍മാസ്‍ത്ര എന്നായിരുന്നു അഭിപ്രായങ്ങള്‍.