ഖാര്‍ത്തൂം: സുഡാനിൽ അധികാരം പിടിക്കാൻ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും (ആർഎസ്എഫ്) തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിനിടെ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വിമുക്തഭടനായ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ കാക്കടവ് ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ (48) മൃതദേഹമാണ് മാറ്റിയത്.
കലാപത്തിനിടെ ആല്‍ബര്‍ട്ടിന് വെടിയേറ്റത് ഫ്ലാറ്റിന്‍റെ ജനലിലൂടെയാണ്. മരിച്ച് 24 മണിക്കൂറിന് ശേഷമാണ് മൃതദേഹം മാറ്റാനായത്. അതിനിടെ സുഡാനിലെ ഇന്ത്യക്കാര്‍ പുറത്തിറങ്ങരുതെന്ന് ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ബാല്‍ക്കണി പോലുള്ള തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും മരുന്നും കരുതണമെന്നും നിര്‍ദേശിച്ചു.
സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. തലസ്ഥാനമായ ഖാര്‍ത്തൂമിന് പുറമെ കൂടുതല്‍ നഗരങ്ങളിലേക്ക് സംഘര്‍ഷം വ്യാപിച്ചു. മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം സുഡാനിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. നിലയ്ക്കാത്ത വെടിയൊച്ചകളാണ് എങ്ങും. ആര്‍എസ്എഫിന്റെ ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണവും ശക്തമാണ്.
ഖാര്‍ത്തൂമിന് പുറമെ പോര്‍ട്ട് സുഡാന്‍, കാദ്രെഫ്, ദെമാസിന്‍, കോസ്തി തുടങ്ങിയ നഗരങ്ങളിലേക്കും ആക്രമണം വ്യാപിച്ചു. സ്കൂളുകളിലും പള്ളികളിലുമായി ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.തന്ത്രപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇരു വിഭാഗങ്ങളും അവകാശപ്പെടുന്നുണ്ട്. അതിനിടെ സുഡാനില്‍ സേവനം നടത്തുകയായിരുന്ന വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ മൂന്നു ജീവനക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ രാജ്യത്തെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഡബ്ല്യുഎഫ്പി. അറിയിച്ചു.
ചര്‍ച്ചയ്ക്ക് സൈന്യവും ആര്‍.എസ്.എഫും ഇതുവരെ തയാറായിട്ടില്ല. മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് സൗത്ത് സുഡാനും ഈജിപ്തും അറിയിച്ചു. പ്രശ്നപരിഹാരത്തിന് വിദേശ ശക്തികളുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ആഫ്രിക്കന്‍ യൂണിയന്‍ വ്യക്തമാക്കി. വിഷയം ചര്‍ച്ചചെയ്യാന്‍ എയു അടിയന്തര യോഗവും വിളിച്ചു.
സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും (ആർഎസ്എഫ്) തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ 56 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒട്ടേറെ സൈനികരും യുഎൻ ഭക്ഷ്യ ഏജൻസിയിലെ മൂന്ന് ഉദ്യോഗസ്ഥരുമുണ്ട്. അഞ്ഞൂറോളം പേർക്കു പരുക്കേറ്റു. രാജ്യമെങ്ങും പോരാട്ടം രൂക്ഷമാണ്.
ആറു മാസമായി ഒരു കമ്പനിയുടെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തുവരികയായിരുന്ന ആൽബർട്ടിന് താമസിക്കുന്ന ഫ്ലാറ്റിന്റെ ജനലിലൂടെയാണു വെടിയേറ്റത്. രണ്ടാഴ്ച മുൻപെത്തിയ ഭാര്യ സൈബല്ലയും മകൾ മരീറ്റയുമൊത്തു നാട്ടിലേക്കു മടങ്ങാനിരിക്കെയാണു ദുരന്തം. മകൻ ഓസ്റ്റിൻ കാനഡയിലാണ്.
ജനറൽ അബ്ദൽ ഫത്താ അൽ ബർഹാനെ അനുകൂലിക്കുന്ന സൈന്യവും ഹെമേത്തി എന്നറിയപ്പെടുന്ന മുഹമ്മദ് ഹംദാൻ ഡഗാലോയുടെ നേതൃത്വത്തിലുള്ള ആർഎസ്എഫും തമ്മിലാണ് സുഡാനിൽ പോരാട്ടം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പുറത്താക്കാൻ 2021ൽ ഒരുമിച്ചുനിന്നിരുന്ന ഇരുവരും പിന്നീടു തെറ്റിപ്പിരിയുകയായിരുന്നു. ആർഎസ്എഫ് ശനിയാഴ്ച പ്രസിഡന്റിന്റെ കൊട്ടാരവും രാജ്യാന്തര വിമാനത്താവളവും പിടിച്ചതായി അവകാശപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. സൈന്യം ഈ അവകാശവാദം തള്ളുന്നു.
ഇരുകൂട്ടരും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും വീടിനു പുറത്തിറങ്ങാനാകാതെ വലയുകയാണു ജനം. വൈദ്യുതിമുടക്കവും വെള്ളം, മരുന്ന്, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കു ദൗർലഭ്യവും അനുഭവപ്പെട്ടുതുടങ്ങി. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇരുകൂട്ടരെയും ബന്ധപ്പെട്ടു വെടിനിർത്തലിന് ആഹ്വാനം ചെയ്തു. ആഫ്രിക്കൻ യൂണിയന്റെ പീസ് ആൻഡ് സെക്യൂരിറ്റി കൗൺസിൽ അടിയന്തരയോഗം ചേർന്നു.