CrimeKeralaNews

ഷോക്കില്‍ തുമ്പു കിട്ടിയത് പോസ്റ്റ്‌മോര്‍ട്ടത്തില്‍; ബോഡി കിടന്നയിടത്ത് വൈദ്യുതിയില്ല; പ്രദേശത്തെ വീടുകള്‍ പരിശോധിച്ച് വയര്‍മാന്മാര്‍; രാത്രിയിലെ കറന്റിന്റെ അധിക ഉപയോഗം തിരിച്ചറിഞ്ഞു, അമ്മയുടെ അവിഹിത ബന്ധക്കാരനെ കൊന്ന പ്രതിയിലേക്ക് പോലീസ് എത്തിയതിങ്ങനെ

അമ്പലപ്പുഴ: വൈദ്യുതാഘാതമേറ്റ് ഗൃഹനാഥനെ ആളൊഴിഞ്ഞ പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്. പോലീസ് അല്ല വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരാണ് കൊലപാതകത്തിന് പിന്നിലെ വീട് കണ്ടെത്തിയത്. പിന്നാലെ അറസ്റ്റും നടന്നു. വൈദ്യൂതി വകുപ്പ് ജീവനക്കാരുടെ പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കല്ലുപുരക്കല്‍ ദിനേശനെ (50) ആസൂത്രിതമായി വകവരുത്തുകയായിരുന്നു. സംഭവത്തിലാണ് സമീപവാസിയായ കൈതവളപ്പ് കുഞ്ഞുമോന്‍ (55), ഭാര്യ അശ്വമ്മ (അശ്വതി-50), മകന്‍ കിരണ്‍ (28) എന്നിവരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

ദിനേശന്റെ പെണ്‍സുഹൃത്താണ് അശ്വമ്മ. കിരണാണ് ദിനേശനെ കൊലപ്പെടുത്തിയത്. കുടുംബവുമായി പിണങ്ങിക്കഴിയുന്ന ദിനേശന്‍ ഇടക്ക് അശ്വമ്മയുടെ വീട്ടില്‍ എത്തുമായിരുന്നു. ഇതറിഞ്ഞ കിരണ്‍ വെള്ളിയാഴ്ച രാത്രി വീടിനു പിന്നില്‍ എര്‍ത്ത് വയര്‍ ഇടുകയായിരുന്നു. ഇതില്‍ കുരുങ്ങിയാണ് ദിനേശന്‍ മരിച്ചത്. മരിച്ചെന്ന് ഉറപ്പാക്കാന്‍ കിരണ്‍ വീണ്ടും എര്‍ത്തടിപ്പിച്ചു. കൈക്കും കഴുത്തിനും അരക്കുതാഴെയും കരിഞ്ഞ പാടുകളുണ്ട്. മരിച്ചെന്ന് ഉറപ്പായശേഷം മൃതദേഹം വലിച്ചിഴച്ച് വീട്ടില്‍നിന്ന് 150 മീറ്ററോളം അകലെ വയലില്‍ കൊണ്ടിട്ടു. കിരണും കുഞ്ഞുമോനും ചേര്‍ന്നാണ് മൃതദേഹം വലിച്ചിഴച്ച് വയലില്‍ ഉപേക്ഷിച്ചത്.

ആണ്‍സുഹൃത്തിന്റെ മരണം അശ്വമ്മയും അറിഞ്ഞു. പക്ഷേ പുറത്തു പറയാതെ ഭര്‍ത്താവിനേയും മകനേയും കാത്തു. അച്ഛനും മകനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആ ഘട്ടത്തില്‍ അമ്മ ഒന്നും അറിഞ്ഞില്ല. ആണ്‍സുഹൃത്ത് മരിച്ചതോടെ അവര്‍ മകനും ഭര്‍ത്താവിനുമൊപ്പമായി.

ദിനേശന്റെ ദേഹത്ത് പായലും മറ്റും പറ്റിപ്പിടിച്ചിരുന്നു. എര്‍ത്തിടാന്‍ ഉപയോഗിച്ച ഇലക്ട്രിക് വയര്‍ കിരണിന്റെ വീടിന്റെ പിന്നില്‍നിന്ന് കണ്ടെത്തി. രണ്ടാമതും എര്‍ത്തടിപ്പിച്ച കോയില്‍ കിരണ്‍ വലിച്ചെറിഞ്ഞെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇതും പൊലീസ് കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. വീടിനുള്ളിലെ സോക്കറ്റില്‍നിന്നാണ് എര്‍ത്തിട്ടതെന്നും വ്യക്തമായി.

ശനിയാഴ്ച രാവിലെ വയലില്‍ ചൂണ്ടയിടാനെത്തിയ കുട്ടിയാണ് ദിനേശന്‍ കിടക്കുന്നത് കണ്ടത്. വീട്ടിലെത്തി വിവരങ്ങള്‍ പറഞ്ഞെങ്കിലും മദ്യപിച്ച് കിടക്കുകയായിരിക്കും എന്നാണ് കരുതിയത്. എന്നാല്‍, വൈകീട്ടോടെയും എഴുന്നേല്‍ക്കാതിരുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പഞ്ചായത്ത് അംഗം രജിത് രമേശനെ അറിയിച്ചു. ഇദ്ദേഹം വിവരമറിയിച്ചതിനെത്തുടര്‍ന്ന് പുന്നപ്ര പൊലീസ് എത്തിയപ്പോഴാണ് ദിനേശന്‍ മരിച്ചതായി അറിയുന്നത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വൈദ്യുതാഘാതമാണ് മരണകാരണമെന്നറിഞ്ഞത്.

ദിനേശന്റെ മരണാനന്തര ചടങ്ങില്‍ കിരണ്‍ സജീവമായിരുന്നു. ഷോക്കേറ്റാണ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍, വൈദ്യുതാഘാതമേല്‍ക്കേണ്ട ചുറ്റുപാടിലല്ല മൃതദേഹം കിടന്നത്. തുടര്‍ന്നാണ് പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. വീടുകളില്‍ നടത്തിയ പരിശോധനയിലാണ്

കിരണിന്റെ വീട്ടിലെ മീറ്ററില്‍നിന്ന് വെള്ളിയാഴ്ച രാത്രി അധികവൈദ്യുതി ഉപയോഗം നടന്നതായി കണ്ടെത്തിയത്. ഇതാണ് നിര്‍ണ്ണായകമായത്. ദിനേശന്‍ വയലില്‍ കിടക്കുന്ന വിവരം ചൂണ്ടയിടാനെത്തിയ കുട്ടി ആദ്യം പറഞ്ഞത് അശ്വമ്മയോടാണ്. മദ്യപിച്ച് കിടക്കുന്നതായിരിക്കുമെന്നും മറ്റാരോടും പറയേണ്ടെന്നും അവര്‍ പറഞ്ഞതായും കുട്ടി പോലീസിനെ അറിയിച്ചു.

കെ എസ് ഇ ബിയില്‍ നിന്നു കിട്ടിയ നിര്‍ണ്ണായക വിവരങ്ങള്‍ പോലീസ് പുറത്തു പറഞ്ഞില്ല. പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയുമായി ദിനേശന് ശത്രുതയുണ്ടെന്നും അയല്‍വാസിയുടെ ഭാര്യയെ ദിനേശന്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നുള്ള ശത്രുതയാണെന്നും പൊലീസിന് മനസ്സിലായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അയല്‍വാസിയായ കുഞ്ഞുമോനും മകന്‍ കിരണും ചേര്‍ന്ന് അവരുടെ വീടിനു പുറകുവശത്ത് ദിനേശന്‍ വരുന്ന വഴിയില്‍ ഇലക്ട്രിക്ക് ഷോക്ക് ഏല്‍പിക്കുന്നതിനുള്ള കെണി ഒരുക്കിയെന്നും ശനിയാഴ്ച രാത്രി കുഞ്ഞുമോന്റെ വീട്ടിലേക്കു വന്ന ദിനേശന്‍ ഷോക്കേറ്റു കൊല്ലപ്പെട്ടെന്നും കണ്ടെത്തുകയും ചെയ്തു. തെളിവുകള്‍ നശിപ്പിക്കുന്നതിനു വേണ്ടി കുഞ്ഞുമോന്റെ ഭാര്യ അശ്വമ്മയും കൂട്ടു നിന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട ദിനേശനോടുള്ള വര്‍ഷങ്ങള്‍ നീണ്ട പകയാണ് കിരണിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. നാല് വര്‍ഷം മുമ്പ് ദിനേശന്‍ കിരണിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അന്ന് നിയമനടപടികളിലേക്ക് കിരണ്‍ കടന്നിരുന്നില്ല. കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലും ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പിന് ഒടുവിലാണ് കിരണ്‍ ദിനേശനെ കൊലപ്പെടുത്തിയത്. മുമ്പും ദിനേശിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടു. കെണി ഒരുക്കിയായിരുന്നു ദിനേശനെ കൊലപ്പെടുത്തിയത്. അമ്മയുടെ ഫോണിലേക്ക് വന്ന മെസേജില്‍ നിന്ന് ആണ് ദിനേശന്‍ വീട്ടിലെത്തുമെന്ന് കിരണ്‍ അറിഞ്ഞത് എന്നും പൊലീസ് പറഞ്ഞു. ദിനേശന്‍ വീട്ടിലെത്തി എന്ന് ഉറപ്പിച്ച ശേഷം കിരണ്‍ സ്വിച്ച് ഓണ്‍ ചെയ്യുകയായിരുന്നു. ഷോക്കേറ്റ് നിലത്തുവീണ ദിനേശന്റെ മരണം ഉറപ്പിക്കുന്നതിനായി മറ്റൊരു വൈദ്യുത കമ്പി കൊണ്ട് ഷോക്കേല്‍പ്പിച്ചെന്നും സൂചനയുണ്ട്.

ഇലക്ട്രീഷ്യനായ കിരണ്‍ ഇരുമ്പുതകിടില്‍ വൈദ്യുതി കടത്തിവിട്ട് ദിനേശനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രിവൈകി തന്റെ വീട്ടില്‍നിന്ന് ദിനേശന്‍ പുറത്തിറങ്ങുന്നതു കണ്ടാണ് കിരണ്‍ നേരത്തേ തയ്യാറാക്കിയ കെണിയുടെ സ്വിച്ചിട്ടത്. ഷോക്കേറ്റു നിലത്തുവീണ ദിനേശന്റെ മരണം ഉറപ്പിക്കാന്‍ കൈകളില്‍ വീണ്ടും ഷോക്കടിപ്പിച്ചുെന്നും പോലീസ് പറഞ്ഞു. മരപ്പണിക്കാരനാണ് ദിനേശന്‍. വീട്ടില്‍നിന്ന് അകന്നുകഴിയുന്ന ഇയാള്‍ വാടയ്ക്കലിലെ ലോഡ്ജിലാണു താമസം. വെള്ളിയാഴ്ച രാത്രി 10.05-ന് ദിനേശന്‍ ലോഡ്ജില്‍നിന്നിറങ്ങുന്ന സി.സി.ടി.വി. ദൃശ്യം പോലീസിനു ലഭിച്ചു. പിന്നീട്, കുഞ്ഞുമോന്റെ വീട്ടിലെത്തി മടങ്ങുമ്പോഴാണ് കിരണും കുഞ്ഞുമോനും നേരത്തേ ഒരുക്കിവെച്ച വൈദ്യുതിക്കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയത്.

തരിശും വെള്ളക്കെട്ടുമുള്ള ഇവിടെ മഴക്കാലത്ത് മീന്‍പിടിക്കാന്‍ കിരണ്‍ വൈദ്യുതിക്കെണി ഉപയോഗിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇലക്ട്രീഷ്യനെന്ന നിലയില്‍ കിരണിന്റെ കഴിവും കൊലപാതകത്തിന് വഴിയൊരുക്കിയെന്നും പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker