CrimeFeaturedHome-bannerKeralaNews

മാസങ്ങളുടെ ഒളിവുജീവിതം അവസാനിപ്പിച്ചു,ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ ഒടുവില്‍ കീഴടങ്ങി

ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷകയായ സെസി സേവ്യര്‍ ഒടുവില്‍ കോടതിയില്‍ കീഴടങ്ങി. മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന സെസി, ചൊവ്വാഴ്ച ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

മതിയായ യോഗ്യതയില്ലാതെ വ്യാജ രേഖകള്‍ ഉപയോഗിച്ച് അഭിഭാഷകയായി പ്രാക്ടീസ് ചെയ്തതിനാണ് ആലപ്പുഴ രാമങ്കരി സ്വദേശിനിയായ സെസി സേവ്യറിനെതിരേ പോലീസ് കേസെടുത്തിരുന്നത്. നിയമബിരുദം നേടാതെ മറ്റൊരാളുടെ എന്റോള്‍മെന്റ് നമ്പറിലായിരുന്നു സെസി അഭിഭാഷകയായി കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്.

രണ്ടുവര്‍ഷത്തോളം ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തുവന്ന ഇവര്‍ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും ജയിച്ചിരുന്നു. നിരവധി കേസുകളില്‍ ഇവരെ അഭിഭാഷക കമ്മീഷനായും നിയമിച്ചു. ഇതിനിടെയാണ് സെസിയ്ക്ക് നിയമബിരുദമില്ലെന്നും വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്യുന്നതെന്നുമുള്ള അജ്ഞാത കത്ത് ബാര്‍ അസോസിയേഷന് ലഭിച്ചത്.

തുടര്‍ന്ന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി ഒരു രേഖകളും നല്‍കിയില്ല. ഇതോടെ ബാര്‍ അസോസിയേഷനില്‍നിന്ന് സെസി സേവ്യറെ പുറത്താക്കി. ബാര്‍ അസോസിയേഷന്‍ തന്നെയാണ് സെസിക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്.

വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് സെസി സേവ്യറിനെതിരേ കേസെടുത്തിരുന്നത്. ബാര്‍ അസോസിയേഷനിലെ രേഖകള്‍ കൈക്കലാക്കിയതിന് മോഷണക്കുറ്റവും ചുമത്തിയിരുന്നു.

ഇതിനിടെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയിരുന്നെങ്കിലും പോലീസ് സാന്നിധ്യമുണ്ടെന്ന് മനസിലായതോടെ കോടതി വളപ്പിലെ പിറകുവശത്തെ ഗേറ്റ് വഴി മുങ്ങുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി.

പൊതുസമൂഹത്തെയും നീതിന്യായ വ്യവസ്ഥയെയും വഞ്ചിച്ച സെസി സേവ്യര്‍, അടിയന്തരമായി കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മാസങ്ങളായി ഒളിവില്‍ കഴിയുന്ന സെസി സേവ്യര്‍ എവിടെയാണെന്ന് കണ്ടെത്താനോ പിടികൂടാനോ പോലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button