തുടര്‍ പരാജയങ്ങളില്‍ നിന്ന് താന്‍ പഠിച്ചത്;തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍
മുംബൈ: ബോളിവുഡ് നിര്‍മ്മാതാക്കള്‍ ഒരു കാലത്ത് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന താരമായിരുന്നു അക്ഷയ് കുമാര്‍. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുടെ ഉടമയെന്ന് ഇന്‍റസ്ട്രിയില്‍ അദ്ദേഹം വാഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് കാലം അത് ആകെ മാറ്റിമറിച്ചു. ബോളിവുഡ് ആകെ തകര്‍ച്ച നേരിട്ട കൊവിഡ് സമയത്ത് ഏറ്റവും തകര്‍ച്ച നേരിട്ടത് അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ ആയിരുന്നു. ഷാരൂഖ് അടക്കമുള്ള ചിലര്‍ വന്‍ വിജയങ്ങളുമായി തിരിച്ചുവന്നപ്പോഴും അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നെന്ന നിലയില്‍ ബോക്സോഫീസില്‍ പരാജയപ്പെടുകയാണ്.
2024 ഏപ്രിലില്‍ “ബഡേ മിയാൻ ഛോട്ടെ മിയാൻ” എന്ന ചിത്രത്തിന്‍റെ വൻ പരാജയത്തിന് ശേഷം, അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ റിലീസായ സർഫിറ ബോക്സോഫീസില്‍ വന്‍ ദുരന്തമായി മാറി. നടൻ സൂര്യയ്ക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ “സൂരറൈ പൊട്ര്” എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണ് സർഫിറ. 100 കോടിക്കടുത്ത് ബജറ്റില്‍ ഒരുക്കിയ ചിത്രം 12 ദിവസം തികയുമ്പോള്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ വെറും 21.5 കോടി രൂപ മാത്രമാണ് നേടിയതെന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നത്.
എന്നിരുന്നാലും ഈ പരാജയത്തിലും അക്ഷയ് കുമാര്‍ ശുഭാപ്തി വിശ്വാസത്തിലാണ്. ഫോർബ്സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, തന്‍റെ സമീപകാല ബോക്സോഫീസ് പരാജയങ്ങളില്‍ നിന്ന് താൻ പഠിച്ച പാഠങ്ങളെക്കുറിച്ചും അദ്ദേഹം തന്‍റെ ചിന്തകൾ പങ്കുവെച്ചു.
“ഓരോ സിനിമയുടെ പിന്നിലും ധാരാളം രക്തവും വിയർപ്പും പാഷനും എല്ലാമുണ്ട്. അത്തരത്തില്‍ എടുക്കുന്ന സിനിമ പരാജയപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണ്. പക്ഷെ ഇതിനെയെല്ലാം ശുഭാപ്തി വിശ്വാസത്തോടെ എടുക്കണം. ഓരോ പരാജയവും നിങ്ങളെ വിജയത്തിന്‍റെ മൂല്യം പഠിപ്പിക്കുകയും അത് നേടാനുള്ള ആഗ്രഹം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഭാഗ്യവശാൽ, എന്‍റെ കരിയറിൽ നേരത്തെ തന്നെ ഇത് കൈകാര്യം ചെയ്യാൻ ഞാൻ പഠിച്ചു.
തീർച്ചയായും പരാജയം നിങ്ങളെ വേദനിപ്പിക്കുകയും ബാധിക്കുകയും ചെയ്യും. പക്ഷേ അത് സിനിമയുടെ വിധിയെ മാറ്റില്ല. ഇത് നിങ്ങളുടെ നിയന്ത്രണത്തിലുള്ള ഒന്നല്ല. നിങ്ങളുടെ നിയന്ത്രണത്തിലുള്ളത് കൂടുതൽ കഠിനാധ്വാനം ചെയ്യുക, തിരുത്തലുകൾ നടത്തുക, നിങ്ങളുടെ അടുത്ത സിനിമയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുക എന്നതാണ്. അങ്ങനെയാണ് ഞാൻ എന്‍റെ ഊർജ്ജം പരാജയത്തിന് ശേഷം വീണ്ടെടുക്കുകയും അടുത്തതിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നത്. നമ്മുടെ ശ്രദ്ധയും ഊര്‍ജ്ജവും വേണ്ട സ്ഥലത്ത് കേന്ദ്രീകരിക്കണം” -അക്ഷയ് പറഞ്ഞു.
കൊവിഡ് കാലത്തിന് ശേഷം സിനിമ രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നുവെന്നും അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറഞ്ഞു “പാൻഡെമിക് സിനിമാ വ്യവസായത്തിന്‍റെ രീതി തന്നെ മാറ്റിമറിച്ചു. പ്രേക്ഷകർ അവരുടെ സിനിമാ വളരെ ശ്രദ്ധിച്ചാണ് തിരഞ്ഞെടുക്കുന്നത്. വിനോദവും അല്ലെങ്കില്‍ അവരെ സന്തോഷിപ്പിക്കുന്നതോ ആയ എന്തെങ്കിലും പ്രദാനം ചെയ്യുന്ന പ്രോജക്റ്റുകളാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. അതിനാല്‍ തന്നെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവാണ്” അക്ഷയ് പറഞ്ഞു.