അക്ഷയ് കുമാര്‍ ചിത്രം ‘സര്‍ഫിറയും’ വീണു; പരാജയം ഹൃദയഭേദകമെന്ന് നിര്‍മ്മാതാവ് മഹാവീര്‍ ജയിന്‍
മുംബൈ: ബോളിവുഡ് നിര്‍മ്മാതാക്കള്‍ ഒരു കാലത്ത് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന താരമായിരുന്നു അക്ഷയ് കുമാര്‍. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുടെ ഉടമയെന്ന് ഇന്‍റസ്ട്രിയില്‍ അദ്ദേഹം വാഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് കാലം അത് ആകെ മാറ്റിമറിച്ചു. ബോളിവുഡ് ആകെ തകര്‍ച്ച നേരിട്ട കൊവിഡ് സമയത്ത് ഏറ്റവും തകര്‍ച്ച നേരിട്ടത് അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ ആയിരുന്നു. ഷാരൂഖ് അടക്കമുള്ള ചിലര്‍ വന്‍ വിജയങ്ങളുമായി തിരിച്ചുവന്നപ്പോഴും അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നെന്ന നിലയില്‍ ബോക്സോഫീസില്‍ പരാജയപ്പെടുകയാണ്.
അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലത്തെ റിലീസ് സര്‍ഫിറയുടെ ഓപണിംഗ് വെറും 2.50 കോടി ആയിരുന്നു. അടുത്തിടെ ഇറങ്ങിയവയില്‍ 3 കോടിക്ക് താഴെ ഓപണിംഗ് നേടുന്ന നാലാമത്തെ അക്ഷയ് കുമാര്‍ ചിത്രമാണ് സര്‍ഫിറ. പത്ത് ദിവസത്തില്‍ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ വെറും 21.55 കോടി മാത്രമാണ് നേടിയത്. അടുത്തകാലത്ത് അക്ഷയ് കുമാറിന്‍റെ ഏറ്റവും വലിയ പരാജയമാണ് ഈ റീമേക്ക് ചിത്രം.
സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് സർഫിറ. തമിഴ് ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കര തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്. അതേ സമയം സര്‍ഫിറയുടെ പരാജയത്തിന് പിന്നാലെ ബോളിവുഡ് പ്രൊഡ്യൂസര്‍ മഹാവീർ ജെയിന്‍ വളരെ ദു:ഖത്തോടെയാണ് പ്രതികരിച്ചത്. അക്ഷയ് കുമാര്‍ അഭിനയിച്ച് രാം സേതു തുടങ്ങിയ ചിത്രങ്ങളുടെ സഹ നിര്‍മ്മാതാവാണ് മഹാവീര്‍ ജയിന്‍
“നമ്മുടെ ഹൃദയത്തെയും ആത്മാവിനെയും സ്പർശിക്കുന്ന ഒരു അസാധാരണ ചിത്രമാണ് സർഫിറ. കഥാപാത്രത്തിന്‍റെ ദൃഢത എന്നെ ആഴത്തിൽ പ്രചോധിപ്പിപ്പിക്കുന്നതാണ്. നല്ല ഉള്ളടക്കത്തിന് എല്ലായ്‌പ്പോഴും നല്ല സ്വീകാര്യത ലഭിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാൽ സർഫിറ പോലുള്ള സിനിമകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തത് ഹൃദയഭേദകമാണ്. എനിക്ക് അറിയാവുന്ന സിനിമ കണ്ടവരെല്ലാം രചന, സംവിധാനം, അഭിനയം തുടങ്ങി ചിത്രത്തിന്‍റെ എല്ലാ മേഖലകളും നന്നായി എന്ന് പറഞ്ഞു
അക്ഷയ് കുമാറിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് സര്‍ഫിറയിലെ എന്നാണ് എന്‍റെ വിശ്വാസം. അദ്ദേഹം ഹൃദയവും ആത്മാവും നല്‍കിയാണ് പ്രവര്‍ത്തിച്ചത്. ഈ ചിത്രം പ്രേക്ഷകരുടെ കൂടുതല്‍ സ്നേഹം അര്‍ഹിക്കുന്നുണ്ട്” മഹാവീര്‍ ജയിന്‍ പറഞ്ഞു.