തിരുവനന്തപുരം: തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് അയ്യപ്പനെ പ്രതി അജീഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി. നിരവധി തവണ കഴുത്തില്‍ വെട്ടി. മരണം ഉറപ്പാക്കാന്‍ തല പിടിച്ചുയര്‍ത്തി വീണ്ടും തുരുതുരെ കഴുത്തില്‍ വെട്ടിയശേഷമാണ് പ്രതി മടങ്ങിയത്. ഹോട്ടലിലെ രണ്ട് സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളിലാണ് കൊലപാതകത്തിന്റെ ക്രൂരത വ്യക്തമാകുന്നത്. തിരക്കേറിയ സമയത്ത് വെട്ടുകത്തിയും എടുത്തുകൊണ്ട് പരസ്യമായാണ് പ്രതി അജേഷ് ഹോട്ടലിലേക്കു വന്നത്. പൊടുന്നനെ അയ്യപ്പന്റെ കഴുത്തില്‍ വെട്ടാന്‍ തുടങ്ങി. കഴുത്തിനു വെട്ടേറ്റ അയ്യപ്പന് നിലവിളിക്കാന്‍ പോലുമായില്ല.
അനങ്ങാന്‍ കഴിയുന്നതിനുമുമ്പുതന്നെ നിരവധി വെട്ടുകളേറ്റിരുന്നു. വെട്ടേറ്റ് മുന്നിലേക്ക് തല കുനിഞ്ഞപ്പോള്‍ തല പിടിച്ചുയര്‍ത്തി വീണ്ടും വെട്ടുകയായിരുന്നു. അയ്യപ്പന്റെ കഴുത്തിലും തലയ്ക്കും മുഖത്തുമായി 14 ഓളം വെട്ടുകളാണുണ്ടായിരുന്നത്. അയ്യപ്പന്റെ മരണം ഉറപ്പാക്കിയശേഷമാണ് അജേഷ് മടങ്ങിയത്. ഒന്നും സംഭവിക്കാത്തതുപോലെ അയാള്‍ ബൈക്കില്‍ കയറി മടങ്ങുകയും ചെയ്തു. അജേഷിന്റെ സ്വാഭാവികമായ വരവുംപോക്കും കാരണം ചുറ്റുമുള്ളവര്‍ക്കും പുറത്തുനിന്നവര്‍ക്കും സംശയമൊന്നും തോന്നിയതുമില്ല.
ഭാര്യയുമായി വന്നപ്പോള്‍ അസഭ്യം പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍, ഇതിനപ്പുറം അയ്യപ്പനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. അപ്രതീക്ഷിതമായ തര്‍ക്കമല്ല, അയ്യപ്പനും അജീഷുമായി മുമ്പും പരിചയമുണ്ടായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. അടുത്ത ദിവസങ്ങളില്‍ വിശദമായി അജീഷിനെ ചോദ്യം ചെയ്താലെ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുവെന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നെടുമങ്ങാട് കല്ലിയോട് ആനായിക്കോണത്ത് അജീഷ് നെടുമങ്ങാട്, ആറ്റിങ്ങല്‍ സ്റ്റേഷനുകളില്‍ കൊലക്കേസുകളിലെ പ്രതിയാണ്. ഭാര്യ രഞ്ജിനി നിത്യവും കഞ്ചാവ് ഉപയോഗിക്കുന്ന അജീഷ് നെടുമങ്ങാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്ള ആളാണ്. നിലവില്‍ ഇയാളുടെ പേരില്‍ ഒന്‍പത് കേസുകളുണ്ട്. കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയെ വെട്ടിക്കൊന്ന കേസിലും ആറ്റിങ്ങല്‍ കോരാണിയില്‍ ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് അജീഷ്.
കരമനയിലെ ലോഡ്ജില്‍ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി വിചാരണ നേരിടുകയാണ്. കരമനയിലെ ലോഡ്ജ് മുറിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രഞ്ജിനി. കഞ്ചാവ് ഉപയോഗിച്ച ശേഷം അക്രമസ്വഭാവം കാട്ടുകയെന്നത് അജീഷിന്റെ സ്വഭാവമാണെന്ന് നാട്ടുകാര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ജോലിക്കുപോകുന്ന അജീഷ് തിരികെ വരുമ്പോഴെല്ലാം ഇതേ ഹോട്ടലില്‍ താമസിക്കുക പതിവാണെന്നും പറയുന്നു.
പ്രതി പാലത്തില്‍, ക്യാമറാദൃശ്യങ്ങള്‍ വഴിത്തിരിവായി. ഒരാളുമായുള്ള തര്‍ക്കത്തിനു പ്രതികാരമായി മൂന്നുമാസത്തിനുശേഷം കൊലപ്പെടുത്തുക എന്നത് പോലീസിനും വിശ്വസിക്കാനായിട്ടില്ല.പിടിയിലായപ്പോള്‍ നെടുമങ്ങാട് പോലീസിനോടും പിന്നീട് തമ്പാനൂര്‍ പോലീസിനോടും ഇതേ കാരണം തന്നെയാണ് പ്രതി അജീഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇയാള്‍ രാവിലെ മുതല്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. കസ്റ്റഡിയില്‍ അജീഷിന്റെ പെരുമാറ്റത്തിലും അസ്വാഭാവികതയുണ്ടായിരുന്നു. ഇടയ്ക്ക് അക്രമാസക്തനാവുന്ന പ്രതി വാഹനത്തില്‍വെച്ച് പോലീസിനെ ആക്രമിക്കാനും ശ്രമിച്ചിരുന്നു.
പോലീസ് പിടിയിലാവുമ്പോഴും ഇയാള്‍ ലഹരിയുപയോഗിക്കുന്നുണ്ടായിരുന്നു. കഞ്ചാവിന്റെ കടുത്ത ലഹരിയിലായിരുന്ന ഇയാള്‍ ചോദ്യങ്ങള്‍ക്കെല്ലാം അവ്യക്തമായ ഭാഷയിലാണ് മറുപടി പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് അക്രമാസക്തനാവുന്ന പ്രതിയെ ചോദ്യം ചെയ്യാന്‍ പോലീസിനായിട്ടില്ല. ഇടയ്ക്ക് ശാന്തനാകുമ്പോഴാണ് അയ്യപ്പനുമായുള്ള തര്‍ക്കത്തിന്റെ കാര്യം പറയുന്നത്. അജീഷ് മുമ്പും പലതവണ ഓവര്‍ബ്രിഡ്ജിലെ ഹോട്ടലില്‍ വന്ന് താമസിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭാര്യയുമായും തമ്പാനൂരിലെ സിറ്റി ടവര്‍ ഹോട്ടലില്‍ താമസിച്ചിരുന്നു.