മുംബൈ: സ്പെക്ട്രം ലേലം കഴിഞ്ഞാലുടൻ 5ജി സേവനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് എയർടെൽ. ഒരു ടെക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാരതി എയർടെൽ സി ടി ഒ ആയ രൺദീപ് ശെഖാനാണ് ഇക്കാര്യം പറഞ്ഞത്. സ്പെക്ട്രം ലേലം കഴിഞ്ഞാൽ 2 – 3 മാസത്തിനുള്ളിൽ തന്നെ എയർടെലിന്റെ ഉപഭോക്താക്കൾക്ക് 5ജി നെറ്റ്‌വർക്കിന്റെ വേഗതയും കാര്യക്ഷമതയും ആസ്വദിക്കാനാവും.
തുടക്കം മുതൽ പ്രവർത്തനം ടോപ് ഗിയറിലേക്ക് മാറ്റി 5ജി സേവന രംഗത്ത് ആധിപത്യം നേടാനാണ് എയർടെലിന്റെ ശ്രമം. റിലയൻസ് ജിയോ ഈ രംഗത്ത് ഭാരതി എയർടെലിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഒരു മത്സരമായി കണ്ടുകൊണ്ടല്ല, മറിച്ച് വേഗത്തിൽ ഉപഭോക്താക്കൾക്ക് സൗകര്യം എത്തിക്കാനാണ് ശ്രമമെന്ന് ശെഖാൻ വ്യക്തമാക്കിയെങ്കിലും അടിസ്ഥാനപരമായി ഇന്ത്യയിൽ ടെലികോം രംഗത്തുള്ള കടുത്ത മത്സരത്തിന്റെ പ്രതിഫലനം കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.
Airtel 5G trial network has recreated the iconic #Missing175 – a moment that was never captured on camera. This has changed how sports & entertainment will be consumed in the future #FutureIsAirtel5G pic.twitter.com/aGgHue9yKX
— airtel India (@airtelindia) March 24, 2022
എയർടെൽ 5ജി താരിഫുകൾ 4ജിയുടേതിന് തുല്യമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ സേവനം ലഭിച്ചുകഴിഞ്ഞാലേ കൂടുതൽ വ്യക്തത വരികയുള്ളൂ. അതേസമയം കട ബാധ്യതകൾ ഒന്നൊന്നായി വീട്ടി മുന്നോട്ട് പോവുകയാണ് ഭാരതി എയർടെൽ. കേന്ദ്ര സർക്കാരിന് 2015 ലെ സ്പെക്ട്രം ലേലത്തിന്റെ ഭാഗമായി നൽകാനുണ്ടായിരുന്ന 8815 കോടി രൂപ കൂടിയാണ് തിരിച്ചടച്ചത്. 2027 ലും 2028 ലും നൽകേണ്ട തിരിച്ചടവ് ഗഡുക്കളാണ് ഇപ്പോൾ തിരിച്ചടച്ചത്.
കഴിഞ്ഞ നാല് മാസത്തിനിടെ എയർടെൽ തങ്ങളുടെ ബാധ്യതകൾ പടിപടിയായി നികത്തുന്നുണ്ടായിരുന്നു. ഈ കാലയളവിൽ സ്പെക്ട്രം കുടിശിക ഇനത്തിൽ മാത്രം 24334 കോടി രൂപ കേന്ദ്രസർക്കാരിന് എയർടെൽ നൽകുകയും ചെയ്തിരുന്നു. ഗഡുക്കളായി അടയ്ക്കേണ്ട തുകയ്ക്ക് 10 ശതമാനം പലിശയും അടക്കേണ്ടതായിരുന്നു. മുൻകൂട്ടി പണം അടച്ചതോടെ പലിശ ഇനത്തിലും കമ്പനിക്ക് നേട്ടമുണ്ടാകും.