ഹൂസ്റ്റണ്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊറോണ വൈറസിനെ പിടികൂടി തല്‍ക്ഷണം നശിപ്പിക്കുന്ന ‘ക്യാച്ച് ആന്‍ഡ് കില്‍’ എയര്‍ ഫില്‍റ്ററുമായി ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. മെഡിസ്റ്റാര്‍ എന്ന മെഡിക്കല്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് എയര്‍ ഫില്‍റ്റര്‍ വികസിപ്പിച്ചത്.
ഫില്‍റ്ററിന്റെ രൂപരേഖ മെറ്റീരിയല്‍സ് ടുഡേ ഫിസിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. ഫില്‍റ്ററിലൂടെ കടന്നു പോകുന്ന 99.8 ശതമാനം സാര്‍സ് കോവി-2 വൈറസുകളെയും ഇതിന് നശിപ്പിക്കാനാകുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമായ നിക്കല്‍ ഫോം ഉപയോഗിച്ചാണ് ഫില്‍റ്റര്‍ നിര്‍മ്മിച്ചത്.
200 ഡിഗ്രി സെല്‍ഷ്യസില്‍ ഇത് ചൂടാക്കിയാണ് വൈറസിനെ നശിപ്പിക്കുന്നത്. ലാബ് സാഹചര്യങ്ങളില്‍ 99.9 ശതമാനം ആന്ത്രാക്‌സ് ബീജകോശങ്ങളെയും ഇതിന് നശിപ്പിക്കാന്‍ കഴിഞ്ഞതായും ഗവേഷകര്‍ പറയുന്നു.