KeralaNews

എഐ ക്യാമറ സർക്കാരിന് വരുമാനമുണ്ടാക്കാനോ? വിശദീകരണവുമായി: റോഡ് സേഫ്റ്റി കമ്മീഷണർ

തിരുവനന്തപുരം: എഐ ക്യാമറ ജനങ്ങളെ പിഴിഞ്ഞ് സര്‍ക്കാര്‍ ഖജനാവിലേക്ക് വരുമാനം കണ്ടെത്താനാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി റോഡ് സേഫ്റ്റി കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ്. അബദ്ധജടിലമായ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

നികുതിവരുമാനം മാത്രമെടുത്താല്‍ ഏകദേശം 5,300 കോടി രൂപയാണ് മോട്ടോര്‍വാഹന വകുപ്പ് ഈടാക്കുന്നത്. പോലീസും മോട്ടോര്‍വാഹന വകുപ്പും ഉള്‍പ്പെടെ എല്ലാ എന്‍ഫോഴ്സ്മെന്റുകളും ചേര്‍ന്ന് റോഡില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്ക് 2018-ലാണ് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയതെന്നാണ് കണക്കുകള്‍. അത് 236 കോടി മാത്രമാണ്. അപ്പോള്‍ രണ്ട് കണക്കുകളും തമ്മിലുള്ള വ്യത്യാസം മനസിലാക്കണം. 5300 കോടിയെന്ന നികുതി വരുമാനത്തിന്റെ അഞ്ച് ശതമാനം പോലുമില്ല പിഴത്തുകയെന്നും എസ്. ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

മോട്ടോര്‍ വാഹന വകുപ്പുള്‍പ്പെടെ ഈടാക്കുന്ന പിഴയുടെ പകുതി റോഡ് സേഫ്റ്റി ആക്ട് അനുസരിച്ച് റോഡ് സേഫ്റ്റി അതോറിറ്റിക്കാണ് നല്‍കുന്നത്. അങ്ങനെ ലഭിച്ച 118 കോടിയില്‍ നിന്നാണ് ഇപ്പോള്‍ സംസ്ഥാനത്തുടനീളം എഐ ക്യാമറ പദ്ധതി നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ പിഴത്തുക ഈടാക്കുന്നത് സര്‍ക്കാരിന് വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമാണെന്നുള്ളത് തെറ്റായ പ്രചാരണമാണ്. അതില്‍ ആരും വീണുപോകരുതെന്ന് അദ്ദേഹം പറഞ്ഞു.

നിസാര കുറ്റങ്ങളെന്ന് ആളുകള്‍ കരുതുന്ന, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, സീറ്റ്ബെല്‍റ്റ് ഇടാതിരിക്കുക ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുക തുടങ്ങിയവകൊണ്ടുണ്ടാകുന്ന മരണങ്ങളാണ് റോഡപകടങ്ങളില്‍ സംഭവിക്കുന്നതില്‍ 54 ശതമാനവുമെന്നും അദ്ദേഹം പറഞ്ഞു. ഈ 54 ശതമാനം മരണവും കുറയ്ക്കാനായാല്‍ ഏകദേശം 2000 പേരെയെങ്കിലും ഒരുവര്‍ഷം റോഡപകട മരണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കും. ഇത് നിസാരമായ കാര്യമല്ല.

അപകടം മൂലമുണ്ടാകുന്ന മരണം, അതുമൂലമുണ്ടാകുന്ന ദുഃഖം, സമൂഹത്തിന് പൊതുവിലുണ്ടാകുന്ന ഉത്പാദനക്ഷമതയുടെ നഷ്ടം ഇതൊക്കെ കുറയ്ക്കാനാകും. പലപ്പോഴും വാഹനാപകടങ്ങളില്‍ മരിക്കുന്നത് കുടുംബങ്ങളിലെ ഗൃഹനാഥന്‍മാരായിരിക്കും. അവരായിരിക്കും ആ കുടുംബത്തിലെ ഏക വരുമാനമുള്ളയാള്‍.

അയാള്‍ മരിക്കുന്നത് മൂലം ആ കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം വലുതാണ്. ഇനി ഒരു കുടുംബത്തിലെ ഏറ്റവും ഇളമുറക്കാരാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതെന്നിരിക്കട്ടെ, അയാള്‍ ജീവിതത്തില്‍ മുന്നോട്ടുപോയി സമൂഹത്തിന് ഒരുപാട് മുതല്‍ക്കൂട്ടുണ്ടാക്കേണ്ടയാളാണ്.

അങ്ങനെ നോക്കിയാല്‍ ഇത്തരം അപകടങ്ങളൊക്കെ തടയാന്‍ വേണ്ടിയാണ് ഈ സംവിധാനം വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. അതിന്റെ യഥാര്‍ഥ അന്തസത്ത ഉള്‍ക്കൊണ്ടുതന്നെ എല്ലാവരും ഇതിനോട് സഹകരിക്കണം. ഒരു നിയമം പോലും ലംഘിക്കാതെ ഒരുപിഴപോലും അടയ്ക്കാതെ റോഡുപയോഗിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്, അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker