KeralaNews

കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയ നീക്കം, ബിജെപി പിന്തുണച്ചാല്‍ യുഡിഎഫ് വീഴും

കോട്ടയം: പെന്‍ഷന്‍ തട്ടിപ്പ് കേസ് വിവാദത്തിനിടെ കോട്ടയം നഗരസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എല്‍ഡിഎഫ്. നിലവില്‍ സ്വതന്ത്രയുടെ പിന്തുണയോടെ യുഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. 52 അംഗ നഗരസഭയില്‍ എല്‍ ഡി എഫിനും യു ഡി എഫിനും 22 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബി ജെ പിയുടെ എട്ട് അംഗങ്ങളും ഒരു സ്വതന്ത്രനും നഗരസഭയില്‍ ഉണ്ട്.

സ്വതന്ത്രയെ ചെയര്‍പേഴ്‌സണ്‍ ആക്കി കൊണ്ടാണ് യു ഡി എഫ് നഗരസഭാ ഭരണം പിടിച്ചെടുത്തത്. അതിനിടെ കഴിഞ്ഞ വര്‍ഷം 38-ാം വാര്‍ഡായ ചിങ്ങവനം പുത്തന്‍തോടിലെ കൗണ്‍സിലര്‍ മരണപ്പെട്ടിരുന്നു. ഇതോടെ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ എണ്ണം 21 ആയി കുറഞ്ഞു. കഴിഞ്ഞ ആഴ്ച പുറത്തുവന്ന പെന്‍ഷന്‍ തട്ടിപ്പില്‍ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

അതിനിടെയാണ് അവിശ്വാസ പ്രമേയത്തിനും എല്‍ഡിഎഫ് നീക്കം നടത്തുന്നത്. അവിശ്വാസ പ്രമേയത്തിന് ബിജെപി അംഗങ്ങളുടെ പിന്തുണയും എല്‍ഡിഎഫ് തേടിയിട്ടുണ്ട്. പെന്‍ഷന്‍ തട്ടിപ്പിനെതിരെ ഇന്നലെ സമരം ചെയ്ത ബിജെപിക്ക് അവരുടെ ആത്മാര്‍ത്ഥത തെളിയിക്കാനുള്ള അവസരമാണ് ഇത് എന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാര്‍ പറഞ്ഞത്.

ബി ജെ പി പിന്തുണച്ചാല്‍ അവിശ്വാസ പ്രമേയം പാസാകും. അങ്ങനെ വന്നാല്‍ സ്വാഭാവികമായും എല്‍ഡിഎഫിന് ഭരിക്കാനുള്ള അവസരം ഉണ്ടാകും എന്നും കെ അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബിജെപി തീരുമാനം നിര്‍ണായകമായതിനാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ആയിരിക്കും പാര്‍ട്ടി നിലപാട്. 21 വര്‍ഷമായി കോട്ടയം നഗരസഭ യുഡിഎഫ് ആണ് ഭരിക്കുന്നത്.

പെന്‍ഷന്‍ തട്ടിപ്പ് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വര്‍ഗീസിനാണ് അന്വേഷണ ചുമതല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് ദിവസമായിട്ടും പ്രതി അഖില്‍ സി വര്‍ഗീസ് ഇപ്പോഴും ഒളിവിലാണ്. കോട്ടയം വെസ്റ്റ് പൊലീസായിരുന്നു നേരത്തെ കേസ് ഏറ്റെടുത്തിരുന്നത്.

നഗരസഭയുടെ പെന്‍ഷന്‍ അക്കൗണ്ടില്‍നിന്നു 3 കോടി രൂപ അഖില്‍ തട്ടിയെടുത്തു എന്ന് വാര്‍ഷിക സാമ്പത്തിക കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു. അഖിലിന്റെ അമ്മ ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ഇതേ പേരില്‍ ഒരാള്‍ക്ക് നഗരസഭയില്‍ നിന്നു പെന്‍ഷന്‍ തുക അയച്ചിരുന്നതിനാലാണ് തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതെ പോയി.

ഈരാറ്റുപേട്ട നഗരസഭയില്‍ നിന്ന് സ്ഥലം മാറി 2020 മാര്‍ച്ച് 12 നാണ് അഖില്‍ കോട്ടയത്ത് എത്തിയത്. 2023 നവംബറില്‍ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലായിരുന്നു തിരിമറി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനമായിട്ടാണ് കൊല്ലം കോര്‍പറേഷനില്‍ അഖിലിനു ജോലി ലഭിച്ചത്. അഖിലിന്റെ അമ്മ കൊല്ലം കോര്‍പറേഷനിലെ താല്‍ക്കാലിക ജീവനക്കാരിയായി വിരമിച്ചയാളാണ്.

അതേസമയം സംഭവത്തില്‍ കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പ്രമോട്ടര്‍ ബിന്ദു, അക്കൗണ്ട് വിഭാഗത്തിലെ സീനിയര്‍ ക്ലാര്‍ക്ക് സന്തോഷ് കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സാമ്പത്തിക തിരിമറി സംബന്ധിച്ച് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നുള്ള സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്റെ നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker