ലണ്ടൻ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ടിന് മുന്നേറ്റം. 12 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും ആറ് തോൽവിയും ഒരു സമനിലയുമുള്ള ഇംഗ്ലണ്ട് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേയ്ക്ക് ഉയർന്നു. പോയിന്റ് ടേബിളിൽ ഒമ്പതാമതായിരുന്ന ഇംഗ്ലീഷ് ടീം മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. 241 റൺസിന്റെ കനത്ത തോൽവി വഴങ്ങിയ വെസ്റ്റ് ഇൻഡീസ് ഒമ്പതാം സ്ഥാനത്തായി.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന് ഇനി 10 മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇത്തവണ ഫൈനൽ കളിക്കാൻ ഇംഗ്ലണ്ടിന് ഇനിയും മികച്ച വിജയങ്ങൾ അനിവാര്യമാണ്. പോയിന്റ് പട്ടികയിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഒമ്പത് മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീം ആറിൽ വിജയം നേടി. രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിലായി. ബംഗ്ലാദേശ്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള ടെസ്റ്റ് മത്സരങ്ങൾ. തുടർച്ചയായ മൂന്നാം തവണയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഓസ്ട്രേലിയ രണ്ടാമതും ന്യുസിലാൻഡ് മൂന്നാമതുമാണ്. ശ്രീലങ്ക, പാകിസ്താൻ ടീമുകളാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ പതിപ്പിൽ ന്യുസീലൻഡും രണ്ടാം തവണ ഓസ്ട്രേലിയയുമായിരുന്നു ചാമ്പ്യന്മാർ. രണ്ട് തവണയും ഇന്ത്യയായിരുന്നു ഫൈനലിസ്റ്റുകൾ.