അരുണാചൽ സംഘർഷത്തിന് പിന്നാലെ യുദ്ധസന്നാഹങ്ങളൊരുക്കി ചൈന; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്,അതിർത്തിയിൽ 1748 കി.മീ ദേശീയപാത നിർമിക്കാൻ ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്ക് – കിഴക്ക് മേഖലയെ ലക്ഷ്യംവെച്ച് ചൈനയുടെ യുദ്ധസന്നാഹമെന്ന് റിപ്പോർട്ട്. ടിബറ്റൻ മേഖലയിലെ പ്രധാന വ്യോമ താവളങ്ങളിൽ വൻതോതിൽ ഡ്രോണുകളും യുദ്ധ വിമാനങ്ങളും സജ്ജമാക്കി നിർത്തിയിരിക്കുന്നതിന്‍റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നു. അരുണാചൽപ്രദേശ് അതിർത്തിയിൽ നിന്ന് 150 കിലോ മീറ്റർ മാത്രം ദൂരത്തുള്ള ചൈനയുടെ ബാങ്ദ വിമാനത്താവളത്തിൽനിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.
അരുണാചല്‍പ്രദേശിലെ തവാങ്ങിൽ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴാണ് ചൈനയുടെ യുദ്ധസന്നാഹങ്ങളുടെ ചിത്രം പുറത്തു വരുന്നത്. എൻ.ഡി.ടി.വിയാണ് ചൈനയുടെ യുദ്ധസന്നാഹം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
ചൈനയുടെ അത്യാധുനിക ഡ്രോണ്‍ ആയ ‘സോറിങ് ഡ്രാഗൺ’ (WZ-7 Soaring Dragon) ഡ്രോണിന്റെ സാന്നിധ്യവും ചിത്രങ്ങളിൽ കാണുന്നതായാണ് റിപ്പോർട്ട്. 2021-ലാണ് അത്യാധുനിക സംവിധാനങ്ങളടങ്ങിയ സോറിങ് ഡ്രാഗൺ ചൈന പുറത്തിറക്കിയത്. 10 മണിക്കൂറോളം നിർത്താതെ പറക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ചാരവൃത്തി, രഹസ്യാന്വേഷണ ദൗത്യങ്ങൾ, ക്രൂയിസ് മിസൈലുകളിലേക്ക് ഡാറ്റകൾ കൈമാറല്‍ തുടങ്ങിയവയാണ് ഡ്രോണുകളുടെ ദൗത്യങ്ങൾ.
വ്യോമപാതവഴി ചൈനയുടെ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഇന്ത്യൻ സൈന്യം ജാഗരൂകരായി അരുണാചൽ പ്രദേശ് വ്യോമപാതകളിൽ പട്രോളിങ് നടത്തുന്നുണ്ട്. ഭീഷണി നിലനിൽക്കെത്തന്നെ കഴിഞ്ഞ ആഴ്ചകളിലായി രണ്ട് വ്യത്യസ്ത അവസരങ്ങളിൽ ചൈനീസ് സൈന്യത്തെ ഇന്ത്യൻ വ്യോമസേന തുരത്തുകയും ചെയ്തിരുന്നു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അരുണാചൽ പ്രദേശിൽ ഇന്ത്യ-ടിബറ്റ്-ചൈന-മ്യാൻമർ അതിർത്തിയോടു ചേർന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ ദേശീയപാത നിർമിക്കും. 1748 കിലോമീറ്റർ നീളമുള്ള രണ്ടുവരിപ്പാത ചിലയിടത്ത് രാജ്യാന്തര അതിർത്തിക്ക് 20 കിലോമീറ്റർ വരെ അടുത്തായിരിക്കും. സമീപകാലത്ത് കേന്ദ്രം വിജ്ഞാപനം ചെയ്യുന്ന ഏറ്റവും ദൈർഘ്യമേറിയ ദേശീയപാതയാണിത്. അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റം തടയുകയാണ് എൻഎച്ച്–913 എന്നു പേരിട്ടിട്ടുള്ള പദ്ധതിയുടെ ലക്ഷ്യം.
ചൈനയുടെ ആവർത്തിച്ചുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്കിടെ, അതിർത്തിയിലേക്കുള്ള പ്രതിരോധ സേനയുടെയും സൈനിക സാമഗ്രികളുടെയും തടസ്സമില്ലാത്ത നീക്കത്തിന് പാത സഹായകമാകും. യഥാർഥ നിയന്ത്രണരേഖയ്ക്ക് (എൽഎസി) സമീപം ചൈന അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുകയാണെന്ന റിപ്പോർട്ടിനിടെയാണ് ഇന്ത്യയുടെ പുതിയ നടപടി. ചൈനയുടെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കാനും പാത ഉപകരിക്കും.
ബോംഡിലയിൽനിന്ന് ആരംഭിച്ച്, ഇന്ത്യ-ടിബറ്റ് അതിർത്തിക്ക് ഏറ്റവും അടുത്തുള്ള സ്ഥലങ്ങളായ നഫ്ര, ഹുറി, മോനിഗോംങ്, ചൈന അതിർത്തിയോട് ചേർന്നുള്ള ജിഡോ, ചെൻക്വന്റി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാത ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള വിജയനഗറിൽ അവസാനിക്കും.
ഒൻപത് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിക്ക് 27,000 കോടി രൂപ ചെലവു വരുമെന്നും ചെലവു കുറയ്ക്കാനുള്ള മാർഗങ്ങൾ പരിഗണിക്കുന്നുണ്ടെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ‘‘ഈ ഭാഗത്ത് നിലവിൽ റോഡില്ലാത്തതിനാൽ ഇടനാഴിയുടെ 800 കിലോമീറ്ററോളം ഗ്രീൻഫീൽഡ് ആയിരിക്കും. കൂടാതെ, പാലങ്ങളും തുരങ്കങ്ങളും ഉണ്ടാകും. 2024-25 ൽ അനുമതി ലഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണം പൂർത്തിയാകാൻ ഏകദേശം രണ്ടു വർഷം വേണം. 2026-27 ൽ പദ്ധതി പൂർത്തീകരിക്കും.’’– ഒരു മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ മാസം ഒൻപതിന് അരുണാചലിലെ തവാങ് അതിർത്തി മേഖലയിൽ ചൈനീസ് സൈനികർ അതിക്രമിച്ചു കയറാൻ ശ്രമിച്ചു പ്രകോപനം സൃഷ്ടിച്ചിരുന്നു. അതിന് ഏതാനും ദിവസം മുൻപ് ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനീസ് ഡ്രോണുകൾ എത്തിയിരുന്നു. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കടന്നുകയറിയ പ്രദേശങ്ങളിൽനിന്നു പൂർണമായി പിന്മാറാൻ വിസമ്മതിക്കുന്നതിനിടെയാണ് മറ്റൊരിടത്ത് കൂടി സംഘർഷമുണ്ടാക്കാൻ ചൈന ശ്രമിച്ചത്.