'പ്രണയത്തിലായശേഷം വിഘ്‌നേഷ് എല്ലാ ശ്രദ്ധയും നയൻതാരയിലേക്ക് മാറ്റി, കോടികൾ നഷ്ടം'; ധനുഷ്
ചെന്നൈ:നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ സംവിധായകനായ വിഘ്‌നേഷ് ശിവനും നായികയായ നയന്‍താരയും ഒട്ടും പ്രൊഫഷണലായ രീതിയിലല്ല പെരുമാറിയതെന്നും ഇരുവരുടേയും സെറ്റിലെ പ്രണയം കാരണം നിര്‍മാണ കമ്പനിക്ക് കോടിക്കണക്കിന് രൂപ നഷ്ടം സംഭവിച്ചുവെന്നും നടനും നിര്‍മാതാവുമായ ധനുഷ്. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ധനുഷ് ഇക്കാര്യം പറയുന്നത്. ധനുഷിന് വേണ്ടി നിര്‍മാണക്കമ്പനിയാണ് സത്യവാങ്മൂലം നല്‍കിയത്.
നാല് കോടി രൂപയാണ് തുടക്കത്തില്‍ സിനിമയുടെ ബജറ്റായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നയന്‍താരയും വിഘ്‌നേഷും സെറ്റില്‍ വൈകിയെത്തിയത് കാരണം പലപ്പോഴും ഷൂട്ടിങ് ഷെഡ്യൂള്‍ താളം തെറ്റിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
‘പ്രണയത്തിലായതിനുശേഷം സംവിധായകന്‍ തന്റെ എല്ലാ ശ്രദ്ധയും നയന്‍താരയിലേക്ക് മാറ്റി. മറ്റ് അഭിനേതാക്കളുടെ പ്രകടനം ശ്രദ്ധിച്ചതേയില്ല. നയന്‍താരയുടെ മാത്രം ഏറ്റവും മികച്ച പ്രകടനം സിനിമയില്‍ ലഭിക്കാനായി ആവര്‍ത്തിച്ച് ടേക്കുകളെടുത്തു. നിശ്ചയിച്ചിരുന്ന നാല് കോടിയില്‍ ചെലവ് നിര്‍ത്തിയിരുന്നെങ്കില്‍ ചിത്രം വന്‍ വിജയമായി മാറുമായിരുന്നു. എന്നാല്‍ വളരെ കുറച്ച് ലാഭം മാത്രമാണ് നേടാനായത്. സംവിധായകന്‍ എന്ന നിലയില്‍ വിഘ്‌നേഷ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.’- സത്യവാങ്മൂലത്തില്‍ നിര്‍മാണക്കമ്പനിയായ വണ്ടര്‍ബാര്‍ പറയുന്നു.
നിര്‍മാണച്ചെലവ് വളരെ കൂടിയിട്ടും അതില്‍ യാതൊരു തരത്തിലുള്ള ഖേദപ്രകടനം നടത്താന്‍ ഇരുവരും തയ്യാറായില്ലെന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ധനുഷ് അറിയാതെ നല്‍കണമെന്ന് വിഘ്‌നേഷ് തന്നോട് ആവശ്യപ്പെട്ടുവെന്നും വണ്ടര്‍ബാര്‍ ഡയറക്ടര്‍ ശ്രേയ ശ്രീനിവാസന്‍ കോടതിയില്‍ അറിയിച്ചു.
നവംബര്‍ 24-നാണ് വിഘ്‌നേഷ് ശിവന്‍ വിളിച്ചത്. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് പറഞ്ഞു. നെറ്റ്ഫ്‌ളികിസ് ഡോക്യുമെന്ററിയില്‍ ചില ഫൂട്ടേജുകള്‍ ഉപയോഗിക്കണമെന്ന് പറഞ്ഞു. അത് ധനുഷ് അറിയാതെ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇത് തന്നെ ഞെട്ടിച്ചുവെന്നും ശ്രേയ കോടതിയില്‍ ബോധിപ്പിച്ചു. എംഡിയായ ധനുഷിനെ അറിയിക്കാതെ താന്‍ ഒന്നും ചെയ്യില്ലെന്ന് മറുപടി നല്‍കിയെന്നും ഇതോടെ അസഭ്യം പറഞ്ഞ് വിഘ്‌നേഷ് ഫോണ്‍ കട്ട് ചെയ്‌തെന്നും അവര്‍ പറയുന്നു.
ധനുഷിന്റെ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയന്‍താര മറുപടി നല്‍കണം. പകര്‍പ്പാവകാശം ലംഘിച്ചെന്ന ധനുഷിന്റെ ഹര്‍ജിയിലാണ് നയന്‍താര, വിഘ്‌നേഷ് ശിവന്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവരില്‍വനിന്ന് മദ്രാസ് ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടത്. നയന്‍താരയുടെ ജീവിതകഥ പറയുന്ന ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ തമിഴ് ചിത്രമായ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ചാണ് നയന്‍താരയ്ക്കെതിരേ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.